അവഗണനയിലും കൊടുങ്ങല്ലൂരിന്റെ ജനകീയ സമരം മുന്നോട്ട്
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ ഡി.വൈ.എസ്.പി ഓഫിസ് ജങ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരത്തെ അവഗണിച്ച് അധികാരികളും രാഷ്ട്രീയ പാർട്ടികളും. എന്നാൽ ലക്ഷ്യം നേടുംവരെ പിന്നോട്ടിലെന്ന ദൃഢനിശ്ചയത്തിലാണ് സമരക്കാർ.
പ്രസ്തുത സ്ഥലത്ത് മേൽപാലം നിർമിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശമില്ലെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ആവർത്തിക്കുമ്പോഴും സമര രംഗത്ത് ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.
ജീവിതം കൊടുങ്ങല്ലൂർ നഗരത്തോട് അലിഞ്ഞു ചേർന്ന പ്രദേശത്തുകാരുടെ സഞ്ചാരപഥം കൊട്ടിയടക്കുന്നതിനെതിരായ സമര പോരാട്ടം ശനിയാഴ്ച 164-ാം ദിവസം പിന്നിട്ടു. ഇത്രമേൽ പ്രാധാന്യം ഇല്ലാത്ത സ്ഥലത്ത് പ്രാഥമിക ഡിസൈനിങ് ഇല്ലാതിരുന്നിട്ട് പോലും വേഗത്തിൽ മേൽപാലം അനുവദിച്ച കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യയിലെ പ്രമുഖമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്തുക്കാരുടെ സമാനമായ ആവശ്യം അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
ആവശ്യം പരിഗണിക്കുമെന്ന് സ്ഥലം എം.പിക്കും, എം.എൽ.എക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നൽകിയ വാഗ്ദാനം പാഴ് വാക്കായി മാറി.
കൊടുങ്ങല്ലൂരിലെ ബി.ജെ.പി സംഘം ഡൽഹിയിൽ പോയിട്ടും ഫലമുണ്ടായില്ല. ദേശീയപാത നിർമാണം വിലയിരുത്താനിറങ്ങിയ സംസ്ഥാന പൊതുമരാമത്ത് മന്ത്രി സമരക്കാരെ കാണാതെ തിരിച്ചുപോയത് വിവാദമായിരുന്നു. സമരം നയിക്കുന്ന എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇതിനകം സാമൂഹിക-സാമുദായിക-സന്നദ്ധ സംഘടനകൾ രംഗത്ത് വന്നിരുന്നു.
സമരത്തോട് ഒപ്പം ചേർന്ന കൊടുങ്ങല്ലൂർ മർച്ചൻറ് അസോസിയേഷൻ കടകളിൽ കരിങ്കൊടി ഉയർത്തി കരിദിനം ആചരിച്ചിരുന്നു. കൊടുങ്ങല്ലുരിലെ രാഷ്ട്രീയ പാർട്ടികൾ പേരിനൊരു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗം നടത്തിയെങ്കിലും സമരം ശക്തിപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കൊടുങ്ങല്ലൂരിൽ ബൈപ്പാസ് നിർമാണ വേളയിൽ തന്നെ എലിവേറ്റഡ് ഹൈവേക്ക് വേണ്ടി ശബ്ദമുയർത്തിയ പ്രദേശത്തുകാർ തന്നെയാണ് വർഷങ്ങൾക്ക് ശേഷവും സമരരംഗത്തുള്ളത്.
കൊടുങ്ങല്ലൂർ നഗരത്തിന് ഏററവും അനുയോജ്യം എലിവേററഡ് ഹൈവേയാണെന്നത് ശരിവെക്കുന്നതാണ് ബൈപ്പാസ് തുറന്നതിന് ശേഷമുണ്ടായ എണ്ണമററ അപകടങ്ങളും നിരവധി പേരുടെ മരണവും.
2012ൽ എലിവേറ്റഡ് ഹൈവേ സമരം ഒത്തു തീർന്നത് സി.ഐ ഓഫിസ് ജങ്ഷനിൽ എലിവേറ്റഡ് ഹൈവേ വരുന്നത് വരെ സിഗ്നൽ എന്ന ഉറപ്പിലായിരുന്നുവെന്ന് സമരക്കാർ പറഞ്ഞു. എന്നാൽ ദേശീയപാത 66 ന്റെ പ്രോജക്ട് വന്നപ്പോൾ എലിവേറ്റഡ് ഹൈവേ നഗരത്തിന്റെ വടക്കേ അറ്റത്തേക്ക് മാറ്റുകയും സി.ഐ സിഗ്നലിൽ ലൈറ്റ് വെഹിക്കിൾ അണ്ടർപാസ് നൽകുമെന്നുമായിരുന്നു രേഖകളിൽ കണ്ടിരുന്നതത്രേ.
എന്നാൽ പിന്നീട് നിർമാണ ഘട്ടത്തിലെത്തിയപ്പോൾ സി.ഐ. സിഗ്നലിൽ ഒരു ക്രോസിങ് സംവിധാനം ഇല്ലെന്ന് വ്യക്തമായി. ഇതോടെ തങ്ങൾ കബളിക്കപ്പെടുകയായിരുന്നെന്ന് ബോധ്യമായ പ്രദേശത്തുകാർ സമരം പുനരാരംഭിക്കുകയായിരുന്നു. സുരക്ഷിതമായ ക്രോസിങ് എങ്കിലും അനുവദിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. വീട്ടമ്മമാർ ഉൾപ്പെടെ സ്ത്രീകളും സമരരംഗത്തുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.