നിലപാടുതറയിലെ ആൽമരം നീക്കി
text_fieldsകൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൗരാണികവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ നിലപാടുതറയിലെ ദൈവിക ചൈതന്യമുണ്ടെന്ന് വിശ്വസിക്കുന്ന ആൽമരം നീക്കം ചെയ്തു. കാലപ്പഴക്കം മൂലം നിലംപൊത്താൻ സാധ്യതയുള്ളതിനാൽ അപകടം ഒഴിവാക്കാനാണ് ആൽമരമുത്തശ്ശിയെ താന്ത്രികമായ ചടങ്ങുകളോടെ വെള്ളിയാഴ്ച മുറിച്ചു മാറ്റിയത്.
ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടലിന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ഉപവിഷ്ഠനാകുന്നതും കോയ്മ പട്ടുകുട ഉയർത്തുന്നതും ഈ നിലപാടുതറയിലാണ്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെ പന്തീരടി പൂജ കഴിഞ്ഞ് അനുജ്ഞ വാങ്ങി കിഴക്കെ നടയിലെ നിലപാടുതറയിലെ ആൽമരചുവട്ടിൽ ഇരുന്ന് വിഷ്ണുവിന് പൂജ കഴിച്ചു.
കിഴക്കെ നടയിൽ നടപ്പുരയിൽ വെച്ച് ആലിനെ പ്രതീകാത്മാകമായി സംസ്കരിച്ചു. താമരശ്ശേരി മേയ്ക്കാട്ട് മനയിൽ ശ്രീജിത്ത് നമ്പൂതിരിപ്പാട്, കിഴക്കിനി മേയ്ക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ താന്ത്രിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മെംബർ എം.ജി. നാരായൺ, ദേവസ്വം അസിസ്റ്റന്റ് കമീഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം.ആർ. മിനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.