കൊടുങ്ങല്ലൂർ താലപ്പൊലി ആചാരപൂർവം നടത്തും
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആചാരപൂർവം നടത്താൻ ജില്ല ഭരണകൂടം അനുമതി നൽകി. ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് അനുമതി ലഭിച്ചത്. താലപ്പൊലിയോടനുബന്ധിച്ച് റോഡിലൂടെയുള്ള ആന എഴുന്നള്ളിപ്പും മറ്റു ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്താനാണ് അനുമതി.
താലപ്പൊലി നാളുകളില്‍ നാലുദിവസവും പകലും രാത്രിയും തെക്കേനടയിലെ ശ്രീകുരുംബമ്മയുടെ നടയില്‍നിന്ന് പോസ്റ്റ്ഓഫിസ് പരിസരം വരെ ഒരാനയെയും അവിടെനിന്ന് കിഴക്കേനടയിലെ ആനപ്പന്തല്‍ വരെ ഏഴ് ആനകളയെും തുടർന്ന് ഒമ്പത് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്താനാണ് അനുവാദം ലഭിച്ചിട്ടുള്ളത്. തിരുവഞ്ചിക്കുളം ഗ്രൂപ് അസിസ്റ്റന്റ് കമീഷണര്‍ സുനില്‍ കര്‍ത്ത നല്കിയ അപേക്ഷയിലാണ് തീരുമാനം. ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ആന എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്നായിരുന്നു നേരത്തേ ജില്ല ഭരണകൂടത്തിന്റെ നിലപാട്. ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.
താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിനകത്തും പുറത്തുമായി ചാത്തിരി നമ്പൂതിരിമാരുടെ സംഘക്കളിക്ക് ബുധനാഴ്ച രാത്രി തുടക്കമാകും. വലിയ തമ്പുരാന്റെ അനുമതിയോടെ ആദ്യദിവസം ക്ഷേത്രത്തിനകത്താണ് കളി നടക്കുക. വ്യാഴാഴ്ച പുറത്തായിരിക്കും കളി. വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രാങ്കണത്തിൽ ആനച്ചമയ പ്രദർശനവും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് മകര സംക്രാന്തി സന്ധ്യയിൽ 1001 കതിനകള്‍ മുഴങ്ങുന്നതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന് തുടക്കമാവുക. ഒന്നാം താലപ്പൊലി ദിവസമായ ശനിയാഴ്ച പുലര്‍ച്ച മുതല്‍ കുഡുംബി സമുദായക്കാരുടെ ആടിനെ നടതള്ളലും സവാസിനി പൂജയും മലയരയൻമാരുടെ പരമ്പരാഗത ചടങ്ങുകളും ക്ഷേത്രാങ്കണത്തില്‍ നടക്കും.
പൊതു അവധി പ്രഖ്യാപിച്ചു
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 15ന് പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.