60 എഴുത്തുകാരികളെ അടയാളപ്പെടുത്തി ‘കൊടുങ്ങല്ലൂരിന്റെ പെണ്ണെഴുത്ത്’
text_fieldsകൊടുങ്ങല്ലൂർ: മലയാള ഭാഷ സാഹിത്യത്തിലും കലാ സാംസ്കാരിക രംഗത്തും അമൂല്യ സംഭാവനകളർപ്പിച്ച കൊടുങ്ങല്ലൂർ ചരിത്രത്തോടൊപ്പം നടന്ന നാടാണ്. ഈ ഭൂമികയിൽനിന്ന് പിറവിയെടുത്ത ‘കൊടുങ്ങല്ലൂരിന്റെ പെണ്ണെഴുത്ത്’ സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ ഒരു അടയാളപ്പെടുത്തലായി മാറുകയാണ്. കൊടുങ്ങല്ലൂരിലെ അറുപതോളം എഴുത്തുകാരികളെ കുറിച്ചുള്ള പഠന ഗവേഷണ ഗ്രന്ഥമാണ് കവിയും എഴുത്തുകാരനുമായ ബക്കർ മേത്തലയുടെ ‘കൊടുങ്ങല്ലൂരിന്റെ പെണ്ണെഴുത്ത്’ എഴുത്തിന്റെ ലോകത്ത് നിലകൊള്ളുന്ന നിശബ്ദരായി 60ഓളം എഴുത്തുകാരികളെയും രചനകളെയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം മാത്രമല്ല, ചരിത്രപരമായ രചന കൂടിയാണിത്. മൂന്നുവർഷത്തെ പഠന ഗവേഷണങ്ങളിൽനിന്നാണ് ഈ പുസ്തകത്തിന്റെ പിറവി.
കൊടുങ്ങല്ലൂരിൽ ജനിച്ചവർ, ഇവിടെനിന്നും വിവിധ ദേശങ്ങളിലേക്ക് പോയവർ, ഇങ്ങോട്ട് കടന്നുവന്ന വനിതകൾ, കൊടുങ്ങല്ലൂരിന്റെ പ്രിയപുത്രിമാരായി മാറിയവർ ഒക്കെയാണ് ഈ കൃതിയിൽ പഠനവിധേയമായിട്ടുള്ളത്. കൊടുങ്ങല്ലൂർ രാജവംശത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രം നോവൽ രൂപത്തിൽ ആവിഷ്കരിച്ച പശ്ചിമ ബ്ലീശ്വരൻ എന്ന കൃതിയുടെ കർത്താവായ നന്തിലത്ത് നാരായണിക്കുട്ടിയമ്മ മുതൽ 16 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച തെരേസ പീറ്റർ വരെ ഈകൃതിയിൽ പഠനവിധേയമായിട്ടുണ്ട്. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ സാഹിത്യപ്രവർത്തക സഹകരണസംഘം ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യത്തിലേക്ക് കടന്നുവന്ന പ്രഭാമേനോൻ 50 വർഷമായി കൊൽക്കത്തയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർകാരിയാണ്. ഡൽഹിയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർകാരിയായ പി. ഭാസ്കരന്റെ സഹോദരി പുത്രി ജ്യോതി ഉണ്ണി രാമന്റെ കൃതികളെയും മുംബൈയിൽ താമസിക്കുന്ന ഗീതയുടെയും രചനകളും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലുൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ച ഡോ. സുമതി അച്ചുതന്റെ രചനകളെകുറിച്ചും അടയാളപ്പെടുത്തുന്നു.
പ്രഫ. വി.കെ. സുബൈദ, ഡോ. ജി. ഉഷാകുമാരി, സോ. കെ.കെ. സുലേഖ, ഉഷാദേവി മാരായിൽ, സക്കീന ബഷീർ തുടങ്ങി എഴുത്തിന്റെ വിവിധതലങ്ങളിൽ സാഹിത്യമേഖലയിൽ സംഭാവനകൾ ചെയ്ത ഓരോ കൊടുങ്ങല്ലൂർകാരികളെയും ആധികാരികമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകം കേൾക്കപ്പെടാതെ പോകുമായിരുന്ന നിരവധി പെൺശബ്ദങ്ങളെ ചരിത്രത്തോട് ചേർത്തുനിർത്തുന്നു. കൊടുങ്ങല്ലൂരിലെ എഴുത്തുകാരികളെ കുറിച്ചുള്ള ഈ പുസ്തകം ഒരേസമയം ഓർമകളുടെ വീണ്ടെടുപ്പും അനുഭവങ്ങളുടെ കണ്ടെത്തലും ആണെന്ന് കവി കെ. സച്ചിദാനന്ദൻ ആമുഖത്തിൽ രേഖപ്പെടുത്തുന്നു. വളരെ അറിയപ്പെടുന്ന ഏതാനും പേർ മാത്രമാണ് മലയാളസാഹിത്യത്തിന്റെ പ്രണേതാക്കൾ എന്നാണ് നമ്മുടെ ഒരുഭാവം.
അതിൽ അധികപേരൊന്നും സ്ത്രീകൾ ആയിട്ടില്ല എന്നുള്ള മലയാളികളുടെ കാഴ്ചപ്പാടുകൾ വാസ്തവ വിരുദ്ധമാണെന്ന് ബക്കർ മേത്തലയുടെ കൊടുങ്ങല്ലൂരിന്റെ പെണ്ണെഴുത്ത് തെളിയിക്കുന്നുവെന്ന് സി. രാധാകൃഷ്ണൻ ഈ കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്. ഒരർഥത്തിൽ സ്ത്രീകളായ എഴുത്തുകാരെ അടയാളപ്പെടുത്തൽ സാംസ്കാരിക ചിത്രത്തിൽ കാലം ആവശ്യപ്പെടുന്ന ഇടപെടലലാണ്. ഇത് ഭംഗിയായി നിർവഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ. സാഹിത്യകാരി ഡോ. ജി. ഉഷാകുമാരി നർത്തകി കുസുമം ഗോപാലകൃഷ്ണന് നൽകിയാണ് കൊടുങ്ങലൂരിന്റെ പെണ്ണെഴുത്ത് പ്രകാശനം ചെയ്തത്. മുഖചിത്രം വരച്ചത് ചിത്രകാരനായ സലിം റഹ്മാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.