കുറുവ സാന്നിധ്യം; തീരമേഖലയിൽ പൊലീസ് ജാഗ്രത
text_fieldsകൊടുങ്ങല്ലൂർ: കുറുവ മോഷണസംഘത്തിന്റെ സാന്നിധ്യം സമീപ ജില്ലകളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിലും പൊലീസ് ജാഗ്രതയിൽ. 2023ൽ കുറുവ സംഘം തുടർച്ചയായി കവർച്ച നടത്തുകയും പിന്നീട് പിടിയിലാകുകയും ചെയ്ത കൊടുങ്ങല്ലൂർ-മതിലകം മേഖല കേന്ദ്രീകരിച്ചാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
മിക്കവാറും ഒരുമണിക്കും മൂന്നിനുമിടയിലാണ് കുറുവ സംഘം ഇറങ്ങുന്നത്. അടുത്തടുത്ത വീടുകളിൽ തുടർച്ചയായ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ദേശീയപാതയിൽനിന്ന് അധികം ദൂരത്തിലല്ലാതെ ഉൾഭാഗത്തെ വീടുകളാണ് മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. ഇടറോഡുകളും വഴികളും ഉപയോഗിക്കാതെ വീടുകൾക്കിടയിലൂടെയാണ് സംഘത്തിന്റെ സഞ്ചാരം. കരുത്തരായ ഇവർ വീടുകളിൽ ആൾ സാന്നിധ്യമുണ്ടായാലും മോഷണത്തിന് ശ്രമിക്കും. മുമ്പ് മോഷണം കഴിഞ്ഞ് പുലർച്ചെ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ കൊടുങ്ങല്ലൂർ മേഖലയിൽ മോഷ്ടാവ് പിടിയിലാവുകയുണ്ടായി.
2023ൽ മോഷണ പരമ്പരകൾക്കൊടുവിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേരാണ് പിടിയിലായത്. പൊലീസ് തുടരന്വേഷണം നടത്തിയെങ്കിലും അതിനകം കവർച്ച സംഘത്തിലെ മറ്റുള്ളവർ സ്ഥലം വിട്ടിരുന്നു. പിന്നീട് ഇതുവരെ കുറുവ സംഘത്തിന്റെ സാന്നിധ്യം തീരമേഖലയിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, മധ്യകേരളത്തിൽ കുറുവ സംഘം തമ്പടിച്ചതായി വ്യക്തമായ സാഹചര്യത്തിൽ തീരപ്രദേശത്തും ജാഗ്രത ഏർപ്പെടുത്തുകയായിരുന്നു.
പച്ചമരുന്ന് കച്ചവടം, ആക്രി പെറുക്കൽ, ഭിക്ഷാടനം തുടങ്ങിയവയുടെ മറവിലാണ് കുറുവ സംഘം തമ്പടിക്കാറുള്ളത്. കുറ്റകൃത്യങ്ങളൊന്നും ചെയ്യാതെ തൊഴിൽ ചെയ്ത് കഴിയുന്ന ഇതര സംസ്ഥാന സംഘങ്ങളിൽ നുഴഞ്ഞു കയറിയും ഇവർ തമ്പടിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുറ്റവാളികളെ കണ്ടെത്തുക ശ്രമകരമാണ്. പുതിയ സാഹചര്യത്തിൽ പൊലീസ് രാത്രികാല പട്രോളിങ് ഉൾപ്പെടെ പ്രവർത്തനങ്ങളുമായി നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.