വർഗീയ വിഷം ആഴ്ന്നിറക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'ഇരുൾ വിഴുങ്ങും മുമ്പേ ഗുരുവിനൊപ്പം സഞ്ചരിക്കാം'
text_fieldsകൊടുങ്ങല്ലൂർ: മതമൈത്രിയുടെ ചരിത്ര ഭൂമിയിൽ വർഗീയ വിഷം ആഴ്ന്നിറക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ മതേതരത്വത്തിെൻറ പ്രതിരോധം തീർക്കാൻ ലക്ഷ്യമിടുന്ന 'ഇരുൾ വിഴുങ്ങും മുമ്പേ - ഗുരുവിനൊപ്പം സഞ്ചരിക്കാം' പരിപാടി നാട് നെഞ്ചേറ്റി. മതേതരത്വം ശക്തിപ്പെടുത്താൻ രാഷ്ട്രീയ സാംസ്കാരിക ഐക്യം രൂപപ്പെടുത്തുക എന്ന ആശയത്തിലൂന്നിയായിരുന്നു പരിപാടി. കൊടുങ്ങല്ലുർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മേഖലയിലെ അറുപതോളം രാഷ്ട്രീയ സാംസ്കാരിക സംഘടനകളും മറ്റു സംവിധാനങ്ങളും സഹകരിച്ചു.
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ ചത്വരത്തിൽ രാവിലെ മുതൽ വൈകീട്ടു വരെ നീണ്ടുനിന്ന പ്രഭാഷണങ്ങളും കലാ സാംസ്കാരിക ഇനങ്ങളും ചേർന്ന പരിപാടി മാനവികതയുടെ പരിച്ഛേദം കൂടിയായി. ലൗകിക ജീവിതത്തിലെ അന്ധവിശ്വസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്ന് വേദിയിൽ പ്രഭാഷണം നടത്തിയ പ്രഫ. എം.കെ. സാനു പറഞ്ഞു. ദൈവം പ്രവൃത്തിയിലാണെന്ന ഗുരുവാക്യം സാനു മാഷ് ഉദ്ധരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ഡോ. മുഹമ്മദ് സെയ്ദ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക രേഖാരാജ്, കവി പി.എൻ. ഗോപീകൃഷ്ണൻ, സംവിധായകൻ കമൽ, എൻ. മാധവൻ കുട്ടി, കെ.ആർ. ജൈത്രൻ, ടി.എം. നാസർ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രബന്ധ- ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാരിസ് സ്വാഗതവും അന്ന നന്ദിയും പറഞ്ഞു. തുടർന്ന് ചേതന കലാവേദി അവതരിപ്പിച്ച പാട്ടും കൊട്ടും പരിപാടി നടന്നു.
രാവിലെ നടന്ന പ്രഭാഷണത്തിൽ എഴുത്തുകാരൻ ഷൗക്കത്ത്, സി.എച്ച്. മുസ്തഫ മൗലവി, ബ്രഹ്മചാരി സൂര്യ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. മുഹമ്മദ് സെയ്ദ് മോഡറേറ്ററായിരുന്നു. സി.സി. വിപിൻ ചന്ദ്രൻ സംസാരിച്ചു. തുടർന്ന് ഹിമാ ഷിൻജുവിെൻറ റഗാസ ബാൻഡ് സംഘം അവതരിപ്പിച്ച സംഗീത പരിപാടി ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.