എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും ഒക്ടോബറിന്റെ നഷ്ടങ്ങൾ
text_fieldsകൊടുങ്ങല്ലൂർ: എം.എൻ. വിജയനും ടി.എൻ. ജോയ് എന്ന നജ്മൽബാബുവും- ഫാഷിസ്റ്റ് വിരുദ്ധപോരാട്ട ചേരിയുടെ രണ്ട് വലിയ നഷ്ടങ്ങൾ. ഇരുവരെയും വിയോഗം ‘ഒക്ടോബറിന്റെ നഷ്ടങ്ങൾ’ എന്നും വിശേഷിപ്പിക്കാം. നജ്മൽ ബാബുവായി മാറിയ ടി.എൻ. ജോയിയുടെ വിയോഗത്തിന്റെ ആറാം വർഷമാണ് ഒക്ടോബർ രണ്ട്. പ്രഫ. എം.എൻ. വിജയൻ ഓർമയായിട്ട് ഒക്ടോബർ മൂന്നിന് 17 വർഷമാകും. യാദൃശ്ചികമാകാം കൊടുങ്ങല്ലൂരിന്റെ ഈ രണ്ട് ധിഷണശാലികളുടെയും വിയോഗം ഒക്ടോബറിലെ അടുത്തടുത്ത ദിനങ്ങളിലായത്.
വിഭിന്നരീതിയിലാണെങ്കിലും രണ്ടുപേരും കമ്യൂണിസ്റ്റ് ചിന്താധാരയെ ചേർത്ത് പിടിച്ചവരാണ്. മാനവികതയായിരുന്നു ഇരുവരുടെയും മുഖമുദ്ര. എഴുത്തും പ്രഭാഷണങ്ങളുമെല്ലാം സമൂഹത്തിനുള്ള ഉദ്ബോധനമായിരുന്നു. ഫാഷിസത്തിനും സംഘ്പരിവാറിനുമെതിരെ ശക്തമായ നിലപാടുള്ളവർ.
പ്രതിഭാശാലിയായ എം.എൻ. വിജയൻ വൈവിധ്യമാർന്ന വിജ്ഞാനശോഭയുടെ വേറിട്ട ശൈലിയുമായാണ് പോരാട്ടത്തിന്റെ പൊതുമണ്ഡത്തിൽ നിലകൊണ്ടത്. വസന്തത്തിന്റെ ഇടിമുഴക്കത്തിനായി ഇറങ്ങിത്തിരിച്ച ടി.എൻ. ജോയിയാകട്ടെ സംഭവ ബഹുലമായ നിലപാടുകളിലൂടെയും ജീവിതത്തിലൂടെയുമാണ് അനുവാചക വൃന്ദങ്ങളെ സ്വാധീനിച്ചത്. അവസാനകാല നിലപാടുകളിൽ ഏറ്റവും ശ്രദ്ധേയമായത് നജ്മൽ ബാബുവിലേക്കുള്ള മാറ്റമായിരുന്നു.
ഫാഷിസത്തിനെതിരെ മുസ്ലിംകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു ഈ മാറ്റമെന്ന് വിലയിരുത്തിയവരേറെയാണ്. 17 വർഷം മുമ്പ് ഒരു ഒക്ടോബർ മുന്നിന് തൃശൂർ പ്രസ് ക്ലബിൽ വെച്ചായിരുന്നു പ്രഫ. എം.എൻ. വിജയനെ തീഷ്ണതയാർന്ന പോരാട്ടങ്ങളുടെ ഭൂമികയിൽനിന്ന് മരണം പിടികൂടിയത്. ആ വിയോഗത്തിന്റെ 11ാം വാർഷിക ദിനത്തിന്റെ തലേ രാത്രിയിലാണ് ടി.എൻ. ജോയിയെയും കൊടുങ്ങല്ലൂരിൽനിന്ന് മരണം പിടിച്ച് വാങ്ങിയത്.
ടി.എൻ. ജോയിയുടെ ‘നേതി, നേതി’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രഫ. എം.എൻ. വിജയനായിരുന്നു. വിജയൻ മാഷ് പാർട്ടിക്ക് പുറത്തുവന്ന് ഒരു പ്രസംഗത്തിൽ പറഞ്ഞ പ്രസിദ്ധമായ പരാമർശം ഉൾക്കൊള്ളുന്നതായിരുന്നു ടി.എൻ. ജോയിയുടെ അവസാന പത്രകുറിപ്പ് പോലും.
ഇ.പി. ജയരാജനെ അനവസരത്തിൽ മന്ത്രിയാക്കിയതിനെയും പി.കെ. ശശി സംഭവ വികാസങ്ങളെയും ഉൾപ്പെടെ വിമർശനാത്മകമായി പരാമർശിക്കുന്ന കുറിപ്പിന്റെ അവസാന ഖണ്ഡിക ഇങ്ങനെ- ‘കൊടുങ്ങല്ലൂർക്കാരൻ വിജയൻ മാഷ് പറഞ്ഞത് പോലെ- പാർട്ടി ഉണ്ടാകും ജനങ്ങൾ ഉണ്ടാകില്ല’ എന്ന ദുരവസ്ഥയിലേക്കാണോ നാം നിലംപൊത്തുക? അങ്ങനെ ആകാതിരിക്കട്ടെ എന്ന് ആശിച്ചും ആശംസിച്ചും അമിത വിനയമില്ലാതെ.-ടി.എൻ. ജോയി (നജ്മൽ ബാബു) കൊടുങ്ങല്ലൂർ.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.