ചെണ്ടുമല്ലി വസന്തം വിരിഞ്ഞു
text_fieldsകൊടുങ്ങല്ലൂർ: ഓണപ്പൂക്കളമിടാൻ പൂസമൃദ്ധിയൊരുക്കി എടവിലങ്ങ് പഞ്ചായത്ത്. കൃഷിഭവൻ നേതൃത്വത്തിലാണ് 2023 -’24 ജനകീയാസൂത്രണ പദ്ധതിയായി പുഷ്പകൃഷി നടപ്പാക്കിയത്. ഹൈബ്രീഡ് തൈകൾ 100 എണ്ണം വീതവും 10 കിലോ ജൈവവളവും കൂടി 75 ശതമാനം സബ്സിഡിയിൽ 154 യൂനിറ്റുകൾക്കായി 15,400 തൈകളാണ് പഞ്ചായത്തിലെ 14 വാർഡുകളിലായി വിതരണം നടത്തിയത്. വാർഡ് തല യൂനിറ്റുകളിലെ ആദ്യ വിളവെടുപ്പ് വലിയകത്ത് വീട്ടിൽ റഫിയത്ത് ഷമാസിന്റെയും പൂതോട്ട് അഭയൻ, കിഴക്കൂട്ടയിൽ സൂരജ് എന്നിവരുടെയും കൃഷിയിടത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ അധ്യക്ഷത വഹിച്ചു.
അന്തിക്കാട്: ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് നടപ്പാക്കിയ പൂവിളി പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. അരിമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വനിത വിങ്ങും ചൈതന്യ കുടുംബശ്രീയും ചേർന്നാണ് ചെണ്ടുമല്ലി ക്ഷേത്ര മൈതാനിയിൽ കൃഷിയിറക്കിയത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. രമേഷ് അധ്യക്ഷത വഹിച്ചു.
തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് 11ാം വാർഡിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ കൃഷിയുടെയും പൂകൃഷിയുടെയും വിളവെടുപ്പ് എടമുട്ടം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.യു. ഉദയൻ ഉദ്ഘാടനം ചെയ്തു. സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു.
കയ്പമംഗലം: സി.പി.എം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ പച്ചക്കറി കൃഷി വിളവെടുപ്പ് കർഷക സംഘം ഏരിയ സെക്രട്ടറി വി.കെ. ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി വായനശാല പരിസരത്ത് മേനോത്ത് രമേഷിന്റെ അരയേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.