വീണ്ടും ലൈവായി മതിലകം ഓൺലൈൻ 'നാട്ടുചന്ത'
text_fieldsമതിലകം: നാട്ടുനന്മയുടെ കൂട്ടായ്മയിൽ മതിലകം ഓൺലൈൻ 'നാട്ടുചന്ത' വീണ്ടും ലൈവായി. പാരമൗണ്ടിന് സമീപം ഫീനിക്സ് കോമ്പൗണ്ട് വേദിയായ നാട്ടുചന്തയുടെ പുനരാരംഭത്തിന് നാട്ടുക്കാരിൽനിന്ന് ആവശകരമായ പങ്കാളിത്തവും പിന്തുണയുമാണ് ലഭിച്ചത്.
ഓൺലൈൻ നാട്ടുചന്തയിൽ അംഗങ്ങളായവരും അല്ലാത്തവരും വിവിധങ്ങളായ സാധനങ്ങളുമായി ചന്തയിലെത്തി. പ്രാദേശിക സംരംഭകരും ഉൽപാദകരും കർഷകരും വീട്ടമ്മമാരുമെല്ലാം ചന്തയുടെ ഭാഗമായി. പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം, കോഴി, അച്ചാറുകൾ, പൊടിയിനങ്ങൾ, നാടൻ പലഹാരങ്ങൾ, വറവ് ഇനങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, ബിരിയാണി, അലങ്കാര ചെടികൾ, വെളിച്ചെണ്ണ, സോപ്പിനങ്ങൾ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി നിരവധി സാധനങ്ങൾ വിപണനത്തിനെത്തി.
കടൽമത്സ്യങ്ങൾ വാങ്ങാൻ ആളേറെയായിരുന്നു. പുസ്തക വിൽപനക്കും ഇടമുണ്ടായിരുന്നു. വൈകീട്ടു വരെ നീണ്ടുനിന്നു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്ത നാട്ടുചന്തയിൽ മതിലകം പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീർ ആദ്യവിൽപന സ്വീകരിച്ചു. പഞ്ചായത്ത് അംഗങ്ങായ ഒ.എ. ജെൻടിൻ, സഞ്ജയ് ശാർക്കര തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് വേളയിൽ കൃഷ്ണനിവേദ് നയിച്ച ഓൺലൈൻ കൃഷി ചലഞ്ചിൽ വിജയികളായ ചിത്തിര കൃഷ്ണ, സായ് കൃഷ്ണ, ഇംതിയാസ് ഖാൻ, ഇഹ്സാൻ ഖാൻ എന്നിവർക്കും വിവിധ പരീക്ഷകളിൽ മികവ് പുലർത്തിയ നാട്ടുചന്ത അംഗങ്ങളുടെ മക്കളായ അമർ സിയാദ്, അഞ്ജലി, ലക്ഷ്മി, സഫാന, അമൃത് രാജ് എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഭാരവാഹികളായ എം.എസ്. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.എ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
93ാം വയസ്സിലും നാട്ടുചന്തയുടെ ആവേശമായി കുഞ്ഞിമൊയ്തീൻ
മതിലകം: 93െൻറ അവശതകളെ അവഗണിച്ച് നോമ്പെടുക്കുന്ന കുഞ്ഞിമൊയ്തീൻ നാട്ടുചന്തയുടെയും ആവേശമായി. പേപ്പർ ബാഗ് നിർമിച്ചാണ് മതിലകം സി.കെ.വളവ് തെക്ക് ഉണ്ടേകടവിൽ കുഞ്ഞിമൊയ്തീൻ നാട്ടുചന്തയുടെ പുനരാരംഭത്തിൽ പങ്കാളിയാകാനും ആവേശം പകരാനും കുടുംബസമേതം എത്തിയത്.
കോവിഡിനെ അതിജീവിച്ച ഈ വയോധികൻ ഇത്തവണയും നോമ്പൊന്നും ഒഴിവാക്കിയിട്ടില്ലെന്ന് മകൻ അഡ്വ. ജാഫർഖാൻ പറഞ്ഞു. മതിലകം ഓൺലൈൻ നാട്ടുചന്ത ലൈവ് ചന്തയായി നടത്തുന്നത് അറിഞ്ഞതോടെയാണ് കുഞ്ഞിമൊയ്തീൻ വീട്ടിലിരുന്ന് പേപ്പർ ബാഗ് നിർമിക്കാൻ തുടങ്ങിയതും ഞായറാഴ്ച ചന്തയിലെത്തിയതും. നാട്ടുചന്തയുടെ ഉദ്ഘാടന വേദിയിൽ ഇ.ടി. ടൈസൺ എം.എൽ.എ കുഞ്ഞിമൊയ്തീനെ ആദരിച്ചു. ഭാര്യ നഫീസയോടൊപ്പമാണ് കുഞ്ഞിമൊയ്തീൻ ആദരം ഏറ്റുവാങ്ങിയത്. ഇതേ വേദിയിൽ മകൻ അഡ്വ. ജാഫർഖാെൻറയും ഹനാെൻറയും മക്കളായ ഇംതിയാസ് ഖാനും ഇഹ്സാൻഖാനും മികച്ച ഓൺലൈൻ കുട്ടി കർഷകർക്കുള്ള അവാർഡും ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.