ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള ദുരിതം; ഇടപെടാനൊരുങ്ങി നഗരസഭ
text_fieldsകൊടുങ്ങല്ലൂർ: ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ജനജീവിതം ദുസ്സഹമാക്കുന്ന ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരുടെയും വകുപ്പ് മേധാവികളുടെയും യോഗം ചേരാൻ കൊടുങ്ങല്ലൂർ നഗരസഭ യോഗം തീരുമാനിച്ചു.
ദേശീയപാത അതോറിറ്റി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പൈലിങ് നടത്തുമ്പോഴുള്ള ചളിയും സിമന്റ് മിശ്രിതവും മറ്റും കാനയിലേക്ക് തള്ളുകയും പുഴ മലീമസമാക്കുകയും ചെയ്യുന്നതായ പരാതി ശക്തമാണ്. ഇത്തരം മിശ്രിതം ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള വിവിധ സ്ഥലങ്ങളിലാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ജനപ്രതിനിധികൾ ഇടപെട്ടിട്ടും കരാറുകാരോ ദേശീയപാത അതോറിറ്റിയോ ഇക്കാര്യത്തിൽ ആവശ്യമായ നടപടി പലപ്പോഴും സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. കുടിവെള്ള പൈപ്പുകൾ നിരന്തരം പൊട്ടുകയും അവ ശരിയാക്കുന്നതിന് കാലതാമസവും നേരിടുന്നുണ്ട്.
നഗരത്തിലെ ഗതാഗത സംവിധാനമാകെ തകരാറിലാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇക്കാര്യത്തിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ കൗൺസിൽ യോഗം വിളിക്കുന്നത്. ദേശീയപാത അധികൃതർ, കരാറുകാർ, പൊലീസ്, ആർ.ടി.ഒ തുടങ്ങിയരെ പങ്കെടുപ്പിക്കണമെന്ന് മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ നിർദേശിച്ചു.
ഗതാഗത സംവിധാനത്തിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ ആവശ്യപ്പെട്ടു. ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വി.എം. ജോണി, കെ.എസ്. കൈസാബ്, പി.എൻ. വിനയചന്ദ്രൻ, ശാലിനി വെങ്കിടേഷ്, ഒ.എൻ. ജയദേവൻ, ബീന ശിവദാസ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.