മിസ്ഡ് കാൾ സൗഹൃദം: വീട്ടമ്മയിൽനിന്ന് 65 പവനും പണവും തട്ടിയ സംഘം പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: മിസ്ഡ് കാൾ സൗഹൃദത്തിൽ കുരുങ്ങിയ വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ മൂന്നംഗ സംഘം പിടിയിൽ. കയ്പമംഗലം തായ്നഗർ പുതിയവീട്ടിൽ അബ്ദുസ്സലാം (24), ചേറ്റുവ അമ്പലത്ത് വീട്ടിൽ അഷ്റഫ് (53), വാടാനപ്പള്ളി അമ്പലത്ത് വീട്ടിൽ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നടി ഷംന കാസിമിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ് പിടിയിലായവർ. കയ്പമംഗലം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ചാണ് സംഘം കെണിയൊരുക്കുന്നത്. വിവിധ നമ്പറുകളിലേക്ക് മിസ് കാൾ അടിച്ച ശേഷം തിരികെ വിളിക്കുന്ന വീട്ടമ്മമാരോട് ക്ഷമാപണം പറഞ്ഞ് വിനയപൂർവം സംസാരിക്കും. തുടർന്ന് ഡോക്ടർ, എൻജിനീയർ എന്നൊക്കെ സ്വയം പരിചയപ്പെടുത്തി മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. ക്രമേണ പ്രതികളിലെ മുതിർന്നയാൾ ബാപ്പയെന്നും മറ്റെയാൾ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയുടെ വിശ്വാസം ആർജിക്കും. ഇതിനിടെ തിരികെ നൽകാമെന്ന വ്യാജേന പണവും സ്വർണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ നിരവധി പേരെ ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികൾക്കുമെതിരെ കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്.
കയ്പമംഗലം എസ്.ഐ പി. സുജിത്ത്, എസ്.ഐമാരായ പി.സി. സുനിൽ, സന്തോഷ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ഷൈൻ, റാഫി, ഷാജു, സീനിയർ സി.പി.ഒമാരായ അഭിലാഷ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, പി.ജി. ഗോപകുമാർ, മിഥുൻ കൃഷ്ണ, രമേഷ്, അരുൺ നാഥ്, നിഷാന്ത്, ജിനീഷ്, രജീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.