മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപത മെത്രാനായി സ്ഥാനമേറ്റു
text_fieldsകൊടുങ്ങല്ലൂർ: യേശു ശിഷ്യരുടെ പാദസ്പര്‍ശമേറ്റ പൗരാണിക മുസിരിസ് നഗരിയായ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം രൂപതയുടെ പുതിയ മെത്രാനായി മോണ്‍. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ സ്ഥാനമേറ്റു. രൂപതയുടെ മൂന്നാമത്തെ ഇടയനായാണ് അംബ്രോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായത്.
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന തിരുകര്‍മങ്ങളില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും സഭാധ്യക്ഷരും വൈദികരും സന്ന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. മൂന്നു മണിയോടെ കത്തീഡ്രലിന്റെ മുഖ്യകവാടത്തിലെത്തിയ മോണ്‍. അംബ്രോസ് പുത്തന്‍വീട്ടില്‍, വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി എന്നിവരെ ബിഷപ് ഡോ. അലക്സ് വടക്കുംതല, ഡോ. ജോൺസൺ പങ്കേത്ത്, കത്തീഡ്രൽ വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിച്ചു. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ നിയമനപത്രം (ബൂള) ചാന്‍സലര്‍ ഡോ. ബെന്നി വാഴക്കൂട്ടത്തില്‍ ലത്തീനിലും റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന് മലയാളത്തിലും വായിച്ചു. തുടർന്ന് വിശ്വാസത്തിന്റെ മുദ്രയായി പുതിയ മെത്രാനെ മോതിരമണിയിക്കുകയും ശിരസ്സില്‍ വിശുദ്ധിയുടെ പ്രതീകമായ അംശമുടി അണിയിക്കുകയും ദൈവജനപാലനാധികാരത്തിന്റെ ചിഹ്നമായി അധികാരദണ്ഡ് നല്‍കുകയും ചെയ്തു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ ഡോ. അംബ്രോസിനെ പ്രധാന ഇരിപ്പിടത്തിലേക്ക് മുഖ്യകാർമികൻ ആനയിച്ച് ഇരുത്തി. തുടര്‍ന്ന് എല്ലാ മെത്രാന്മാരും ബിഷപ് ഡോ. അംബ്രോസിന് സമാധാന ചുംബനം നൽകി.
സിറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പുമാരായ ഡോ. ലിയോപോൾദോ ജിറെല്ലി, ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, ഡോ. തോമസ് ജെ. നെറ്റോ, മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ് എമിരിറ്റസ് ഡോ. സൂസപാക്യം, ബിഷപ്പുമാരായ ഡോ. അലക്സ് വടക്കുംതല, ഡോ. ക്രിസ്തുദാസ് രാജപ്പൻ, ഡോ. വർഗീസ് ചക്കാലക്കൽ, ഡോ. ജോസഫ് കരിയിൽ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ, ഡോ. ജെയിംസ് ആനാപറമ്പിൽ, ഡോ. വിൻസന്റ് സാമുവൽ, ഡോ. പീറ്റർ അബീർ അന്തോണിസാമി, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. പോൾ ആന്റണി മുല്ലശ്ശേരി, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ടോണി നീലങ്കാവിൽ, മാർ തോമസ് തറയിൽ, മാർ എഫ്രേം നരിക്കുളം, ഡോ. തോമസ് വാഴപ്പിള്ളി, മാർ ബോസ്കോ പുത്തൂർ, യൂഹന്നാൻ മാർ തെയോഡേഷ്യസ്, മാർ ബോസ്കോ പുത്തൂർ, വിജയപുരം നിയുക്ത ബിഷപ് മോൺ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.