മുസിരിസ് പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
text_fieldsകൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതികൾ സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ശ്രീനാരായണപുരം ശാന്തിപുരത്ത് നിർമിച്ച പി.എ. സെയ്തുമഹമ്മദ് സ്മാരക കമ്യൂണിറ്റി സെന്റർ, മതിലകം ബംഗ്ലാ കടവ് ബോട്ടുജെട്ടി, എടവിലങ് കോവിലകം, അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് ബോട്ട് ജെട്ടി എന്നീ മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉപപദ്ധതികളുടെ പൂർത്തീകരത്തിന്റെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.
കൊടുങ്ങല്ലൂർ, പറവൂർ നിയോജക മണ്ഡലത്തിൽ പൂർത്തിയാക്കിയ മുസിരിസ് പദ്ധതികളുടെ ഉദ്ഘാടനവും അന്നേദിവസം മുഖ്യമന്ത്രി നിർവഹിക്കും.
ചരിത്രത്തെ സാമാന്യ ജനങ്ങളിലേക്കെത്തിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പി.എ. സെയ്തുമുഹമ്മദിന്റെ സ്മരണാർഥം നിർമിച്ചിരിക്കുന്ന സ്മാരകത്തിൽ അണ്ടർ ഗ്രൗണ്ട് പാർക്കിങ്, കമ്യൂണിറ്റി സെന്റർ, കൾചറൽ ഗാലറി, ഓപൺ ലൈബ്രറി എന്നിവ ഉൾപ്പെടുത്തി 4.96 കോടി രൂപ ചിലവിലാണ് നിർമിച്ചിരിക്കുന്നത്.
പദ്ധതി സ്മാരക മന്ദിരത്തെ പി.എ. സെയ്തുമുഹമ്മദ് സ്മാരക ലൈബ്രറിയായും വിദ്യാർഥികൾക്കായുള്ള ഹിസ്റ്ററി, ജിയോഗ്രഫി, മാറ്റ്സ് ആക്ടിവിറ്റി ആൻഡ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടുന്ന കേന്ദ്രമായും ഭാവിയിൽ മാറ്റുകയാണ് ലക്ഷ്യം.
മതിലകം ബംഗ്ലാകടവ് ബോട്ട്ജെട്ടി മുസിരിസ് പൈതൃകപദ്ധതിക്ക് കീഴിൽ വാട്ടർടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായ പദ്ധതിയാണ്. മുസിരിസ് മുനക്കൽ ഡോൾഫിൻ ബീച്ച് സന്ദർശിക്കുന്നതിനായും മുസിരീസ് പദ്ധതി പ്രദേശത്തെ മറ്റു പൈതൃക സ്ഥാനങ്ങളിൽനിന്ന് ജലമാർഗം എത്തിച്ചേരാനായുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് മുനക്കൽ ബീച്ച് ബോട്ടുജെട്ടി നിർമിച്ചിരിക്കുന്നത്. പതിനെട്ടരയാളം കോവിലകം കൊച്ചിരാജാവിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു.
നാശോന്മുഖമായ അവസ്ഥയിൽ ആയിരുന്ന ഈകെട്ടിടത്തെ മുസിരിസ് പൈതൃകപദ്ധതിയിൽ സംരക്ഷിച്ച് ഒരു കമ്യൂണിറ്റി സെന്ററാക്കി മാറ്റിയിരിക്കുകയാണ്. പദ്ധതികളും ഒറ്റ വേദിയിലാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നതെന്ന് ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.