ദേശീയപാത 66: ജനകീയ ആവശ്യങ്ങൾക്ക് പരിഹാര സാധ്യത തേടി കൊടുങ്ങല്ലൂർ നഗരസഭ
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടന്നുവരുന്ന സമരത്തിന്റെയും ആവശ്യങ്ങളുടെയും പശ്ചാത്തലത്തിൽ പരിഹാര സാധ്യത തേടി നഗരസഭ. വിഷയങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തു.
ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ ക്രോസിങ് അനുവദിക്കുക, വെള്ളക്കെട്ട് ഇല്ലാതാക്കാൻ വലിപ്പമേറിയ കാന നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാരും പ്രദേശവാസികളും മുന്നോട്ടുവെക്കുന്നത്. ജനകീയ ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതിനായി എം.എൽ.എൽമാരുൾപ്പടെയുള്ള ജനപ്രതിനിധികൾ, കലക്ടർ, ദേശീയപാത അധികൃതർ, കരാറുകാർ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.
ആവശ്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും വരെ സിഗ്നൽ ജങ്ഷനിൽ ദേശീയ പാതയുടെ നിർമാണ പ്രവൃത്തികൾ നിർത്തി വെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിസ്താരം കുറഞ്ഞ പുതിയ കാന നിർമാണത്തെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകുമെന്ന ആശങ്ക പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.എസ്. കൈസാബ്, ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കൗൺസിലർമാരായ രശ്മി ബാബു, പരമേശ്വരൻ കുട്ടി, ധന്യ ഷൈൻ, രശ്മി ബാബു, നഗരസഭ സെക്രട്ടറി വൃജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. വിപിൻ ചന്ദ്രൻ, കെ.പി. സുനിൽ കുമാർ, വേണു വെണ്ണറ, എലിവേറ്റഡ് ഹൈവേ കർമസമിതി പ്രതിനിധികളായ അഡ്വ.കെ.കെ.അൻസാർ, പി.ജി. നൈജി, കെ.പി. സുമേധൻ, ഡോ.സജിത്ത്, സുരേഷ് മാസ്റ്റർ, ജയൻ, സുശീൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.