ദേശീയപാത 66 നവീകരണം; കൊടുങ്ങല്ലൂരിലെ ദുരിതാവസ്ഥക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിന്
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ നഗരം അനുഭവിക്കുന്ന ദുരിതത്തിന് അറുതായില്ലാതായതോടെ വ്യാപാരികളും പ്രക്ഷോഭത്തിലേക്ക്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയിലും ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിലും പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച കടകളടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ സാധിക്കുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെയും കരാർ കമ്പനിയുടെയും അലംഭവം മൂലം ജനങ്ങളും വ്യാപാരികളും അനുഭവിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ദേശീയ പാത 66 കൊടുങ്ങല്ലൂർ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ബൈപാസിലെ സർവിസ് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, നഗരത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുക, അപകടം ഒഴിവാക്കാൻ സൂചനാ ബോർഡുകളും പാർട്ടീഷ്യൻ ബോർഡുകളും സ്ഥാപിക്കുക, ഡി.വൈ.എസ്.പി ഓഫിസ് സിഗ്നൽ മുറിച്ചുകടക്കാൻ അടിപ്പാത അനുവദിക്കുക, നിർമാണ പ്രവൃത്തികൾ നടന്നവരുന്ന ചന്തപ്പുരയിലും സമീപപ്രദേശങ്ങളിലുമുള്ള റോഡുകളിൽ പൊടിശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ രാവിലെ 11 വരെ കടകൾ അടച്ച് സമരം നടത്തുന്നത്.
ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ടി.കെ. ഷാജി, പി.കെ. സത്യശീലൻ, അജിത്ത് കുമാർ, മൊഹിയുദ്ദീൻ എം.എസ്. സാജു , രാജീവൻ പിള്ള, പി.ആർ ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.