ദേശീയപാത നിർമാണം; കൊടുങ്ങല്ലൂരിന്റെ ദുരിതത്തിന് പരിഹാരം തെളിയുന്നു
text_fieldsകൊടുങ്ങല്ലൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര കാര്യക്ഷമമാക്കുന്നതിന് മേയ് 15 ഓടെ ബൈപ്പാസിൽ സർവിസ് റോഡുകൾ തുറന്നു കൊടുക്കാൻ ധാരണ. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എൻ.എച്ച്. അധികൃതരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങളെ വിലയിരുത്താനും ജനം അഭിമുഖീകരിക്കുന്ന ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനും നഗരസഭ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം. നഗരത്തിലെ ഗതാഗത സംവിധാനം ഉൾപ്പെടെ എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
ബൈപ്പാസ് വഴി പോയിരുന്ന വാഹനങ്ങൾ ഇപ്പോൾ നഗരത്തിലൂടെയാണ് തിരിച്ചുവിടുന്നത്. ഇതേതുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്കിന് സർവിസ് റോഡുകൾ തുറക്കുന്നതോടെ പരിഹാരമാവുമെന്നാണ് പ്രതീക്ഷ. ഡിവൈ.എസ്.പി ഓഫിസിന്റെ പടിഞ്ഞാറ് ഭാഗത്തെ റോഡിന്റെ പണി പൂർത്തീകരിക്കാത്തതിനാൽ അവിടെ മാത്രം സർവിസ് റോഡിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിടും.
ഈ മാസം അവസാനത്തോടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ ഇടുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനും തീരുമാനമായി. ബൈപ്പാസ് റോഡിലെ പാറപ്പൊടി ഉൾപ്പെടെയുള്ള മാലിന്യം ഉടനടി നീക്കം ചെയ്യും.
ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ കാനകൾ ബൈപ്പാസിലെ കാനയുമായി ബന്ധിപ്പിച്ചത് പലതും തടസ്സമുണ്ടാക്കിയ സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരും കരാറുകാരും സംയുക്തമായി മേയ് 15ന് പരിശോധന നടത്തും.
ഗതാഗത സംവിധാനത്തിൽ വരുത്തുന്ന മാറ്റങ്ങൾ അതത് സമയത്ത് നഗരസഭയും പൊലീസുമായി ബന്ധപ്പെട്ട ശേഷമേ നടപ്പിൽ വരുത്തൂ. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് മേൽപ്പാലം നിർമിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ നിലവിലെ രീതിയിൽ തന്നെ റോഡ് നിർമിക്കുമെന്നും ദേശീയപാത ലൈസൺ ഓഫിസർ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനൽ, കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വി.എം.ജോണി, ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ. എൻ. ജയദേവൻ, നഗരസഭ സെക്രട്ടറി എൻ.കെ.വൃജ, കൗൺസിലർമാർ, പൊലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ, കരാർ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.