കെ.കെ.ടി.എം ഗവ. കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കുന്നു
text_fieldsകൊടുങ്ങല്ലൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊടുങ്ങല്ലൂരിന്റെ അഭിമാനമായ കെ.കെ.ടി.എം ഗവ. കോളജ് 60ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കാമ്പസിന് തിലകക്കുറിയായി പുതിയ അക്കാദമിക്ക് ബ്ലോക്ക് തുറക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞവർഷം കോളജിന് നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് കിട്ടിയതോടെ ഭൗതികസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന കൂടുതൽ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കിഫ്ബി ധനസഹായത്തോടെ നിർമിച്ച് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും കാലിക്കറ്റ് സർവകലാശാലതലത്തിൽ റാങ്ക് ഉൾപ്പെടെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും 12ന് ഉച്ചക്ക് രണ്ടിന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും നാല് ലാബുകളും സെമിനാർഹാളും സ്റ്റാഫ് റൂമുകളും 16 ടോയലറ്റ് യൂനിറ്റുകളും ഉൾപ്പെടുന്നു. പ്രിൻസിപ്പലിന്റെ ഓഫിസും അനുബന്ധ സംവിധാനങ്ങളും ഇവിടെ പ്രവർത്തിക്കും.
നാലുവർഷ ബിരുദം നടപ്പാക്കുന്നതോടെ കോളജിൽ കൂടുതൽ ഭൗതികസാഹചര്യങ്ങൾ ആവശ്യമാണ്. മേജർ, മൈനർ, എം.ഡി.സി, എ.ഇ.സി തുടങ്ങിയ കോഴ്സുകൾക്കായി കൂടുതൽ ക്ലാസ്മുറികളും ലാബ് സൗകര്യങ്ങളും മറ്റും വേണം. കോളജിന്റെ ചരിത്രത്തിലെ വലിയ കെട്ടിടങ്ങളിലൊന്നാണ് പുതിയ ബ്ലോക്ക്. അഡ്വ. വി.ആർ. സുനിൽകുമാർ. എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന പരിപാടികൾ സ്പോൺസർ ചെയ്തിരിക്കുന്നത് കെ.കെ.ടി.എം. ഗവ. കോളജ് അലുംനി യു.എ.ഇ ചാപ്റ്ററാണ്. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രഫ. ഡോ. ടി.കെ ബിന്ദു ഷർമിള, സുവോളജി വിഭാഗം മേധാവി പ്രഫ. ഡോ. ഇ.എം. ഷാജി, പ്രോഗ്രാം കോഓഡിനേറ്ററും ചരിത്ര വിഭാഗം അധ്യക്ഷയുമായ ഡോ. കെ.കെ. രമണി, പി.ടി.എ സെക്രട്ടറി ഡോ. വിനയശ്രീ, എസ്, മലയാള വിഭാഗം അധ്യക്ഷൻ ഡോ. കെ.കെ. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.