പി. ഭാസ്കരന് ജന്മശതാബ്ദി; ജന്മനാട്ടിൽ ഇന്ന് ആഘോഷം
text_fieldsകൊടുങ്ങല്ലൂർ: മലയാളത്തിൽ പാട്ടിന്റെ പാലാഴി തീർത്ത മധുര ഗീതങ്ങളുടെയും ഹൃദ്യ ഗാനങ്ങളുടെയും എഴുത്തുകാരൻ കൊടുങ്ങല്ലൂരിന്റെ സ്വന്തം പി. ഭാസ്കരന്റെ ജന്മശതാബ്ദി ജന്മനാടായ കൊടുങ്ങല്ലൂരിൽ ഞായറാഴ്ച ആഘോഷിക്കും. കേരളം എന്നെന്നും ഓർക്കുന്ന കവിയും ഗാനരചയിതാവും എന്ന നിലകളിൽ മാത്രമല്ല ചലച്ചിത്ര പ്രതിഭ, സ്വാതന്ത്ര്യ സമര പ്രവർത്തകർ, കമ്യൂണിസ്റ്റ്, നവോഥാന ചിന്തകൻ, സാഹിത്യകാരൻ തുടങ്ങി വിവിധ തലങ്ങളിൽ കേരളമാകെ വ്യക്തിമുദ്ര ചാർത്തിയ ഭാസ്കരന്റെ ജന്മശതാബ്ദി കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷിക്കുന്നത്. കൊടുങ്ങല്ലൂർ ആസ്ഥാനമായി സ്ഥാപിതമായ കേരള പി. ഭാസ്കരന് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ആഘോഷം. ഞായറാഴ്ച രാവിലെ 10ന് കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഹാളില്‍ കെ. സച്ചിദാന്ദന് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യും.
അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി പ്രഫ. സി.പി. അബൂബക്കര്‍ ആമുഖപ്രഭാഷണവും ഇ.പി. രാജഗോപാലന്‍ മുഖ്യപ്രഭാഷണവും നടത്തും. സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് പുഷ്പവതി പ്രഭാഷണവും നിർവഹിക്കും. പി. ഭാസ്കരന് ഫൗണ്ടേഷന് ചെയര്മാന് സി.സി. വിപിന്‍ ചന്ദ്രന്, സെക്രട്ടറി സി.എസ്. തിലകന് തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചതിരിഞ്ഞ് 2.30ന് കേരള നോളജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകലയുടെ അധ്യക്ഷതയില്‍ സെമിനാര്‍ നടക്കും. പി. ഭാസ്കരന് എന്ന സംവിധായകന്, പി. ഭാസ്കരന്റെ കാലം, പി. ഭാസ്കരന് എന്ന കവി, പി. ഭാസ്കരന് എന്ന ഗാനരചയിതാവ് എന്നീ വിഷയങ്ങളില്‍ ചലച്ചിത്ര സംവിധായകൻ കമൽ, കരിവെള്ളൂർ മുരളി, ആലങ്കോട് ലീലാകൃഷ്ണൻ, പി.എൻ. ഗോപി കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകീട്ട് പി. ഭാസ്കരന്റെ ഗാനങ്ങൾ കോർത്തിണക്കി പി. ഭാസ്കരൻ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ‘മഞ്ഞണിപ്പൂനിലാവ്’ ഗാനസന്ധ്യയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.