എലിവേറ്റഡ് ഹൈവേ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും
text_fieldsകൊടുങ്ങല്ലൂർ: ദേശീയപാത 66 ൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനിൽ എലിവേറ്റഡ് ഹൈവേയോ സുരക്ഷിത അടിപ്പാതയോ നിർമിക്കണമെന്നാവശ്യപ്പെട്ട് കർമ സമിതി നേതൃത്വത്തിൽ നടക്കുന്ന ജനകീയ സമരം ശക്തി പ്രാപിക്കുകയും 15 ദിവസത്തിലെത്തുകയും ചെയ്തതോടെ പിന്തുണ പ്രഖ്യാപിച്ച് രാഷ്ടീയ പാർട്ടികളും രംഗത്തെത്തിത്തുടങ്ങി.
സമരക്കാരുടെ ന്യായമായ ആവശ്യത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന നഗരസഭയിലെ മുഖ്യകക്ഷിയായ ബി.ജെ.പിയുടെ കൗൺസിലർമാർ കൂട്ടത്തോടെ സമരമുഖത്ത് എത്തി. കഴിഞ്ഞ ദിവസം ദേശീയപാതയുടെ കൊടുങ്ങല്ലൂർ ഭാഗത്ത് മേൽപാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയതിന് പിന്നാലെ കോൺഗ്രസും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി.
കൊടുങ്ങല്ലൂർ നഗരസഭയിലെ 21 ബി.ജെ.പി കൗൺസിലർമാരും പങ്കെടുത്ത സമരത്തിൽ പാർട്ടി നേതാക്കളായ വിനോദ്, വിദ്യാസാഗർ, രശ്മി ബാബു, പ്രതിപക്ഷ നേതാവ് സജീവൻ, നന്ദകുമാർ, ശാലിനി വെങ്കിടേഷ്, സുമേഷ് എന്നിവർ സംസാരിച്ചു.
സമരസമിതി ജനറൽ കൺവീനർ അഡ്വ.കെ.കെ. അൻസാർ സ്വാഗതവും സുശീൽ നന്ദിയും പറഞ്ഞു. കർമസമിതിക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത നേതാക്കൾ കേന്ദ്രസർക്കാറിൽ ഇതിനായി സമ്മർദം ചെലുത്തുമെന്ന് അറിയിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ധർണയിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയത്.
യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി മണ്ഡലം ടി.എം. നാസർ, കൊടുങ്ങല്ലുർ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് സുരേഷ്കുമാർ, അഡ്വ.വി.എം. മൊഹിയുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കർമ സമിതി പ്രവർത്തകരായ ജയൻ സ്വാഗതവും സുരേഷ്മാഷ് നന്ദിയും പറഞ്ഞു. വേണ്ടി വന്നാൽ സമരം ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങുമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.