തീരദേശ മേഖലയിലെ പ്രശ്നബാധിത ബൂത്തുകൾ പഴങ്കഥകളാകുന്നു
text_fieldsകൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരദേശ മേഖലയിലെ പ്രശ്നബാധിത ബൂത്തുകൾ പഴങ്കഥകളാകുന്നു. ഇത്തരം ബൂത്തുകളോടനുബന്ധിച്ച് ഇത്തവണ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പ്രശ്നസാധ്യത ബൂത്തുകളിലും സുഗമമായാണ് വോട്ടെടുപ്പ് നടന്നത്.
സമീപകാല തെരഞ്ഞെടുപ്പുകളിലും കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലങ്ങളിൽ ക്രമസമാധാനം ഭദ്രമായിരുന്നു. പ്രത്യേകം നിരീക്ഷിക്കുന്ന ബൂത്തുകളുടെ പരിധിയിൽ മാത്രമല്ല മറ്റിടങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഒരു സ്റ്റേഷൻ പരിധിയിലും ഒരു കേസ് പോലും എടുക്കേണ്ടി വന്നില്ല. എങ്കിലും പൊലീസ് ജാഗ്രതയിലായിരുന്നു.
മേഖലയിൽ മുൻകാലത്ത് നടമാടിയിരുന്ന അക്രമ പ്രവർത്തനങ്ങളുടെയും സി.പി.എം-ബി.ജെ.പി സംഘർഷങ്ങളുടെയും ക്രിമിനൽ സാന്നിധ്യത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകൾ നിർണയിക്കപ്പെട്ടത്. ഇത് ഓരോ തെരഞ്ഞെടുപ്പിലും തുടർന്നുപോരുകയായിരുന്നു. അതോടൊപ്പം പിന്നീട് അക്രമ സംഭവങ്ങളുണ്ടായ പ്രദേശങ്ങളും ഇക്കാര്യത്തിൽ പരിഗണിച്ചു.
ഇത്തവണ തീരദേശ മേഖലയിൽ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാൻ കേരള പൊലീസിന് പുറമെ തമിഴ്നാട്ടിൽ നിന്നുള്ള പൊലീസ് സംഘവും മറ്റു സ്പെഷൽ പൊലീസ് വിഭാഗങ്ങളും ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനുകീഴിൽ കൊടുങ്ങല്ലൂർ, മതിലകം, കയ്പമംഗലം, വലപ്പാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗ്രൂപ്പുകളായി നിരീക്ഷണം നടത്തിയിരുന്നു. പ്രശ്ന സാധ്യതാ ബൂത്തുകളുള്ള ഭാഗങ്ങളിൽ സായുധ പൊലീസ് സംഘത്തെ നിയോഗിച്ചു.
മേത്തല, എടവിലങ്ങ്, ലോകമലേശ്വരം, പി.വെമ്പല്ലൂർ ഭാഗങ്ങളിലും പ്രശ്നബാധിത ബൂത്തുകൾ ഉണ്ട്. ഈ തെരഞ്ഞെടുപ്പിലും ഇവിടെ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയുണ്ടായി. എടവിലങ്ങ്, എറിയാട്, അഴീക്കോട് എന്നിവിടങ്ങളിലെയും മതിലകം സ്റ്റേഷൻ പരിധിയിലെ ശ്രീനാരായണപുരം ആല, മതിലകം പ്രദേശത്തും പ്രശ്ന സാധ്യതാ ബൂത്തുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.