മഴ: ദേശീയപാതയിലെ സുരക്ഷ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അലംഭാവമെന്ന്
text_fieldsകൊടുങ്ങല്ലൂർ: മഴക്കാലം അടുത്തെത്തിയിട്ടും ജില്ല അധികൃതരുടെ നേതൃത്വത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ നടപ്പാക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) അധികൃതർ അലംഭാവം കാട്ടുന്നതായി ആക്ഷേപം. ദേശീയപാത 66ൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും മറ്റു സംരക്ഷണ നടപടികളും ബന്ധപ്പെട്ടായിരുന്നു തീരുമാനങ്ങൾ.
തീരുമാനങ്ങൾ അടിയന്തര സ്വഭാവത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് പ്രദേശത്ത് നിലവിലുള്ള പ്രശ്നങ്ങളും ചർച്ച ചെയ്തിരുന്നു. ഇതനുസരിച്ച് എൻ.എച്ച്.എ.ഐ അധികൃതരും ദേശീയപാത കരാർ കമ്പനി പ്രതിനിധിയും തദ്ദേശ സ്ഥാപന പ്രതിനിധികളും സംയുക്തമായി അതത് സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. മതിലകം പഞ്ചായത്ത് പ്രദേശത്ത് പരിഹരിക്കേണ്ട രണ്ട് പ്രശ്നങ്ങൾ യോഗത്തിൽ സെക്രട്ടറി ഉന്നയിച്ചിരുന്നു.
പഞ്ചായത്തിൽ ദേശീയപാതയുടെ ഏറിയ ഭാഗവും ബൈപ്പാസാണ്. ഇതിന്റെ നല്ലൊരു ഭാഗവും കനോലി കനാലിനോട് ചേർന്ന തണ്ണീർ തടങ്ങൾ വഴിയാണ് കടന്നുപോകുന്നത്. റോഡ് നിർമാണത്തോട് ജലനിർഗമന മാർഗങ്ങളും നീർചാലുകളും അടഞ്ഞ അവസ്ഥയിലാണ്. ഇതിന് പരിഹാരമെന്നോണം സ്ഥാപിക്കുന്ന ജലം ഒഴിഞ്ഞുപോകാനുള്ള സംവിധാനങ്ങൾ പരിമിതമാണെന്നാണ് പ്രദേശവാസികളുടെ പരാതി.
ഈ അവസ്ഥയിൽ കാലവർഷം ശക്തിപ്പെടുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നും സ്ഥലവാസികൾ ആശങ്കപ്പെടുന്നു. മഴ എത്തിയീട്ടും പ്രദേശത്ത് നിലവിലുള്ള വെള്ളക്കെട്ട് പരിഹാര നടപടികൾ പോലും അപൂർണാവസ്ഥയിലാണ്. മതിലകം പ്രദേശത്തുകൂടി കടന്നുപോകുന്ന ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ നിലകൊള്ളുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ട്രീ കമ്മിറ്റിയുടെ തീരുമാനവും കലക്ടറുടെ യോഗത്തിൽ ഉന്നയിച്ചിരുന്നുവെങ്കിലും എൻ.എച്ച്.എ.ഐ ഭാഗത്തുനിന്ന് നടപടിയും ഉണ്ടായിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞു.
കൊടുങ്ങല്ലൂർ നഗരത്തിൽ ഡിവൈ.എസ്.പി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തുണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട് ആശങ്കയുമായി ബന്ധപ്പെട്ട് നടപടി ഉണ്ടായിട്ടില്ലെന്ന് എലിവേറ്റഡ് ഹൈവേ കർമസമിതി കുറ്റപ്പെടുത്തി.
ജില്ലയിൽ ദേശീയപാത 66 കടന്നുപോകുന്ന തീരദേശ മേഖലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള സെക്രട്ടറിമാർ പങ്കെടുത്ത് അതത് പ്രശ്നങ്ങൾ കലക്ടറുടെ യോഗത്തിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.