കാൽകഴുകിച്ചൂട്ടിന് എതിരായ നവോത്ഥാന യാത്ര പൊലീസ് തടഞ്ഞു
text_fieldsകൊടുങ്ങല്ലൂർ: ബ്രാഹ്മണ ശാപത്തിന് പരിഹാരമെന്ന നിലയിൽ കാൽകഴുകിച്ചൂട്ട് കൊണ്ടുവരാൻ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച നവോത്ഥാന യാത്ര സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് തടഞ്ഞു. കാൽകഴുകിച്ചൂട്ട് ജാതി ഭീകരത, തന്ത്രിയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ചന്തപ്പുര നെടിയതളി ക്ഷേത്ര പരിസരത്തുനിന്ന് എടവിലങ്ങിലേക്ക് നീങ്ങിയ യാത്ര കോതപറമ്പിലാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞത്. യാത്ര തടയാൻ ശിവകൃഷ്ണപുരം ക്ഷേത്രപരിസരത്ത് സംഘ്പരിവാർ പ്രവർത്തകർ ഉൾപ്പെടെ തമ്പടിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.
കൊച്ചിൻ ദേവസ്വം ബോർഡിെൻറ കീഴിലുള്ള എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലാണ് കാൽകഴുകിച്ചൂട്ട് വഴിപാടിനമാക്കാനുള്ള നീക്കമുണ്ടായത്. നവോത്ഥാന യാത്രയിൽ അണിചേരുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ പൊലീസ് നേരത്തേ നിർദേശം നൽകിയിരുന്നു. കൊടുങ്ങല്ലൂർ നവോത്ഥാന കൂട്ടായ്മ നവോത്ഥാന നായകരുടെ ചിത്രങ്ങളോടുകൂടിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടത്തിയ യാത്രയിൽ എസ്.എൻ.ഡി.പി യോഗം നാട്ടിക യൂനിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, പ്രഫ. കെ.കെ. രവി, ടി.കെ. ഗംഗാധരൻ, സി.ബി. ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൻ കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അധ്യക്ഷത വഹിച്ചു. യുവകല സാഹിതി ജില്ല പ്രസിഡന്റ് സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്തു. നവോത്ഥാന കൂട്ടായ്മ കൺവീനർ അഡ്വ. അനൂപ്, എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ഐക്യവേട്ടുവ മഹാസഭ സെക്രട്ടറി ബാബു ചിങ്ങാരത്ത്, വേട്ടുവ മഹാസഭ സെക്രട്ടറി വി.ഐ. ശിവരാമൻ, വിശ്വകർമസഭ നേതാവ് പി.എ. കുട്ടപ്പൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സമൽരാജ്, ശ്രീനാരായണ ദർശനവേദി കൺവീനർ എൻ.ബി. അജിതൻ, സി.വി. മോഹൻ കുമാർ എന്നിവർ സംസാരിച്ചു. യാത്ര നടത്തിയവർക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ച കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.