വേണം കൊടുങ്ങല്ലൂരിൽ എലിവേറ്റഡ് ഹൈവേ; വീണ്ടും പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വീണ്ടും കളമൊരുങ്ങുന്നു. നിലവിലുള്ള ബൈപാസിന് മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്നാണ് ആവശ്യം.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ഏപ്രിൽ 17,18,19 തീയതികളിൽ വൈകിട്ട് വിളംബര ജാഥ നടത്തുമെന്ന് എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ കർമസമിതി അറിയിച്ചു. 21 ന് ഉപവാസ സമരവും നടത്തും. പുതിയ ആറുവരി പാത നിർമാണം കൊടുങ്ങല്ലൂർ നഗരത്തിലേക്ക് കടന്നതോടെ എലിവേറ്റഡ് ഹൈവേയെന്ന ആവശ്യത്തിന് പ്രസക്തി വർധിച്ചതായി ഭാരവാഹികൾ പറഞ്ഞു.
12 വർഷം മുമ്പാണ് കൊടുങ്ങല്ലൂർ നഗരത്തിന് ഉചിതം ഏലിവേറ്റഡ് ഹൈവേയാണെന്ന ആവശ്യം സമിതി മുന്നോട്ടുവെച്ചത്. ബൈപാസ് നിർമാണ വേളയിൽ സാഗരിക എന്ന കല, സാംസ്കാരിക സംഘടന മുന്നോട്ടുവെച്ച ആവശ്യം പിന്നീട് ജനകീയ മുദ്രാവാക്യമായി മാറുകയായിരുന്നു. ഇതോടനുബന്ധിച്ച് നീണ്ടു നിന്ന പ്രക്ഷോഭം തന്നെ അരങ്ങേറിയിരുന്നു.
ഒടുവിൽ നിയമ പോരാട്ടത്തിലേക്ക് കടന്നതോടെ ബൈപാസ് നിർമാണവുമായി മുന്നോട്ട് പോകാൻ ഹൈകോടതി ദേശീയ പാത അതോറിറ്റിക്ക് അനുമതി നൽകി. എലിവേറ്റഡ് ഹൈവേ നിർമിക്കുമെന്ന് അതോറിറ്റി അന്ന് ഹൈകോടതിയിൽ ഉറപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് അതോറിറ്റി കൊടുങ്ങല്ലൂർ ബൈപാസ് പ്രദേശത്തെ ഹൈവേ വികസനം നടപ്പാക്കുന്നതെന്നും കർമസമിതി ചൂണ്ടിക്കാട്ടുന്നു.
ലഭ്യമാകുന്ന വിവരപ്രകാരം ചന്തപ്പുരയിലെയും അഞ്ചപ്പാലത്തെയും ഫ്ലൈ ഓവറുകളും പടാകുളത്തെ അടിപ്പാതയുമാണ് കൊടുങ്ങല്ലൂർ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്ക് ഭാഗത്തേക്കുള്ള പ്രവേശന മാർഗമെന്നും ഇത് പ്രയാസകരമായ സാഹചര്യം ഉണ്ടാക്കുമെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.
എറിയാട്, അഴീക്കോട്, മേത്തല വെസ്റ്റ് ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ നഗരത്തിലേക്ക് വരുന്നവർ ദുരിതമനുഭവിക്കേണ്ടി വരും. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, വിദ്യാലയങ്ങൾ, ആശുപത്രികൾ, കോടതി, സിവിൽ സ്റ്റേഷൻ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ബൈപാസിന് കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ബൈപാസിന് പടിഞ്ഞാറ് ഭാഗത്തുള്ളവരെ പ്രയാസത്തിലാക്കും.
എലിവേറ്റഡ് ഹൈവേ വരികയാണെങ്കിൽ നഗരത്തിലെ തിരക്ക് കുറയുമെന്ന് കർമസമിതി ഭാരവാഹികൾ പറയുന്നു. ഭരണി, താലപ്പൊലി മഹോത്സവ നാളിൽ വാഹന പാർക്കിങ്ങിനും സൗകര്യമുണ്ടാകും.
നിലവിൽ നടക്കുന്ന ദേശീയ പാത വികസനം ഫലത്തിൽ കൊടുങ്ങല്ലൂർ നഗരത്തെ വെട്ടിമുറിക്കുന്നതിന് സമാനമാകുമെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടുന്നു. ഇതടക്കം വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് പ്രക്ഷോഭമാരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.