ആശങ്ക നീങ്ങി; റിയാസ് ഏഷ്യൻ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജഴ്സിയണിയും
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ അഭിമാനതാരം റിയാസ് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ജഴ്സിയണിയും. കളി മികവുകൊണ്ട് ഇന്ത്യൻ ടീമിലെത്തിയ ഈ കൗമാര താരം സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകുമോയെന്ന ആശങ്കയിലായിരുന്നു. എന്നാൽ, ജില്ലയുടെ തീരദേശ മേഖലയിൽനിന്ന് ദേശീയ കായിക രംഗത്തേക്കുള്ള റിയാസിന്റെ ഉയർച്ചയും ഈ താരം ജപ്പാനിലെത്താൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളും സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതോടെ ചിത്രം മാറി. സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ഈ താരത്തിന് സഹായമെത്തി.
റിയാസിന്റെ നേട്ടത്തിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് സ്വീകരണം ഒരുക്കാൻ പലരും തയാറായി. റിയാസ് സോഫ്റ്റ് ബാളിലേക്ക് പിച്ചവെച്ച പി. വെമ്പല്ലൂർ എം.ഇ.എസ് ഹൈസ്കൂൾ, പ്ലസ്ടുവിന് പഠിച്ച അഴീക്കോട് എസ്.എസ്.എം.എച്ച്.എസ്.എസ്, സീതി സാഹിബ് ട്രസ്റ്റ്, സ്വന്തം ക്ലബായ കട്ടൻബസാർ ലയൻ ബോയ്സ്, തറവാടായ കോനക്കാട്ടുപറമ്പിൽ കുടുംബ സമിതിയുമെല്ലാം റിയാസിന് സാമ്പത്തിക പിന്തുണയും സ്വീകരണവും നൽകി. വ്യക്തികളും സഹായിച്ചു. കഴിയാവുന്ന വിധം കുടുംബവും തുണയേകി. മതിലകം മതിൽമൂല പ്ലേ ഗെയിംസ് സ്പോർട്സ് ആൻഡ് ടോയ്സ് കിറ്റ് സമ്മാനിച്ചു.
കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം കട്ടൻബസാർ കോനേക്കാട്ടു പറമ്പിൽ നൗഷാദിന്റെ മകനായ റിയാസിന് വീട്ടുകാരും ലയൺ ബോയ്സ് അംഗങ്ങളും നാട്ടുകാരും ചേർന്ന് ശനിയാഴ്ച രാവിലെ യാത്രയയപ്പ് നൽകി. 21ന് ഡൽഹിയിൽനിന്നാണ് 16 അംഗ ഇന്ത്യൻ ടീം ജപ്പാനിലേക്ക് തിരിക്കുക.
ഓരോ കളിക്കാരനും സ്വന്തം ചെലവിലാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടത്. കേരളത്തിൽനിന്ന് റിയാസിന് പുറമെ ആലപ്പുഴ മുഹമ്മ സ്വദേശി അമിത്ത് മാത്രമാണ് 18ന് താഴെയുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഈ ഇനത്തിൽ തൃശൂർ ജില്ലയിൽനിന്ന് ആദ്യമായി ഇന്ത്യൻ ടീമിലെത്തുന്ന താരമാണ് റിയാസ്. തന്റെ മോഹം പൂവണിയാൻ തുണയേകിയ ‘മാധ്യമ’ത്തോടുള്ള സന്തോഷവും കടപ്പാടും റിയാസ് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.