ഇന്ത്യയെ സംരക്ഷിക്കാൻ ഉയിർത്തെഴുന്നേൽക്കണം -പ്രിയങ്ക ഗാന്ധി
text_fieldsകൊടുങ്ങല്ലൂർ: രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ ജനത ഉയിർത്തെഴുന്നേൽക്കേണ്ട സമയമാണിതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എറിയാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും അഹംഭാവംകൊണ്ട് രാജ്യം തകർക്കപ്പെടുമ്പോൾ നമുക്ക് എങ്ങനെ നിശ്ശബ്ദമായിരിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത് വെറും തെരഞ്ഞെടുപ്പല്ല, ഫാഷിസ്റ്റ് ഭരണകൂടത്തിൽനിന്ന് രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള യുദ്ധമാണിത്. സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുമുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നത്. കർഷകരെ അവരുടെ ആവശ്യങ്ങൾ കേൾക്കാതെ ദേശദ്രോഹികളും ഭീകരവാദികളുമാക്കി സമരം അടിച്ചമർത്തി.
ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ കേന്ദ്രം നിഷ്ക്രിയമായി നിന്നു. സ്വാതന്ത്ര്യവും സമത്വവും ഉറപ്പുനൽകുന്ന രാജ്യത്തിന്റെ ഭരണഘടന മാറ്റുമെന്ന് അഹങ്കാരത്തോടെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഭരണകൂടത്തിന് എതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുകയും വേട്ടയാടി നിശ്ശബ്ദരാക്കുകയും ചെയ്യുന്നു.
സർക്കാർ ഏജൻസികളെ തങ്ങളുടെ താൽപര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നു. ഭാഷ, സംസ്കാരം തുടങ്ങിയവയിൽ ഏകരൂപം അടിച്ചേൽപിച്ച് വൈവിധ്യം ഇല്ലാതാക്കുന്നു. രാജ്യത്ത് വിഭജനം സൃഷ്ടിക്കാൻ സി.എ.എ പോലുള്ള നിയമങ്ങൾ ഉണ്ടാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്ര വിഭാഗങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിടുന്നു -പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ കുത്തകകളെ സംരക്ഷിക്കുന്നു. രാജ്യത്തിന്റെ ആസ്തികൾ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് തീറെഴുതുന്നു.
കടക്കെണിയിൽ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ കുത്തകകളുടെ വമ്പൻ കടങ്ങൾ എഴുതിത്തള്ളുന്നു. സാമ്പത്തിക വളർച്ചനിരക്ക് കുത്തനെ താഴുകയും ദേശീയ കടം പെരുകുകയും ചെയ്തപ്പോൾ ഊതിപ്പെരുപ്പിച്ച കണക്കുകൾ കാട്ടി സാമ്പത്തിക വ്യവസ്ഥ വളർന്നുവെന്ന് മേനി നടിക്കുന്നു.
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. ജനപ്രതിനിധികൾക്ക് കൂറുമാറാൻ കോടികൾ നൽകുന്നു. 10 വർഷമായി വെറുപ്പും വിദ്വേഷവുംകൊണ്ട് രാജ്യത്തിന്റെ ആത്മാവ് തകർക്കുന്ന കൊടുങ്കാറ്റിനെയാണ് നാം നേരിടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി സെക്രട്ടി ദീപാ ദാസ് മുൻഷി, എം.എം. ഹസ്സൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹനാൻ, പി.കെ. ഫിറോസ്, എം.എൽ.എമാർ, മറ്റു നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സനീഷ് കുമാർ ജോസഫ് എം.എൽ.എ സ്വാഗതവും പി.എസ്. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.