കുടിനീർ തേടി നാട്; അവഗണിച്ച് അധികാരികൾ
text_fieldsകൊടുങ്ങല്ലൂർ: ജല അതോറിറ്റി മതിലകം സെക്ഷൻ പരിധിയിൽ വരുന്ന കോതപറമ്പിൽ മാസങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് ഇനിയും പരിഹാരമായില്ല.എം.എൽ.എയോടും ജില്ല കലക്ടറോടും പഞ്ചായത്ത് അധികാരികളോടും ജല അതോറിറ്റിയിലുമെല്ലാം പലവട്ടം ആവലാതികൾ ബോധിപ്പിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് സ്ഥലവാസികൾ പറയുന്നു. ശ്രീനാരായണപുരം പഞ്ചായത്ത് 11ാം വാർഡിന്റെ ഭാഗമായ കോതപറമ്പിന്റെ കിഴക്കൻ ഭാഗത്താണ് മാസങ്ങളായി കുടിവെള്ളമെത്താത്തത്.
നാട്ടിക ഫർക്ക ശുദ്ധജല പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രദേശത്ത് മതിലകം സെക്ഷനാണ് ഇവിടേക്ക് ശുദ്ധജലം എത്തിക്കേണ്ടത്. തെക്കേ അറ്റമായതിനാൽ നേരത്തേ വെള്ളമെത്തിയിരുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിലധികമായി ഈ ഭാഗത്തേക്ക് തീരെ വെള്ളമെത്തുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇതോടെ ഇവിടത്തുകാരുടെ ജീവിത രീതി തന്നെ മാറിയിരിക്കുകയാണ്.
അത്യാവശ്യങ്ങൾക്ക് പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. 2000 ലിറ്റർ വെള്ളത്തിന് 700 രൂപ കൊടുക്കണം. സ്ഥലവാസികളിൽ എല്ലാവരും അതിന് കഴിവുള്ളവരല്ല. ബഹുഭൂരിപക്ഷവും സാധാരണക്കാരും നിർധനരുമാണ്. തെരഞ്ഞെടുപ്പ് കാലത്ത് കുറച്ചു ദിവസം പഞ്ചായത്ത് ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും പിന്നീട് ഉണ്ടായില്ലെന്നും ദുരിതബാധിതർ പറയുന്നു. ഉത്തരവാദിത്തപ്പെട്ടവർ ഇനിയെങ്കിലും തങ്ങളോട് കനിവ് കാട്ടണമെന്നാണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.