സെപ്റ്റിക് ടാങ്ക് മാലിന്യ സംസ്കരണം; കൊടുങ്ങല്ലൂരിൽ ആധുനിക മൊബൈൽ യൂനിറ്റ് വരുന്നു
text_fieldsകൊടുങ്ങല്ലൂർ: നഗരസഭ കക്കൂസ് മാലിന്യ സംസ്കരണത്തിന് ആധുനിക മൊബൈൽ യൂനിറ്റ് രംഗത്തിറക്കുന്നു. മൊബൈൽ ട്രീറ്റ്മെൻറ് യൂനിറ്റ് (എം.ടി.യു) മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയുടെ പുതിയ കാൽവെപ്പാണ്. സ്വീവേജ്/സെപ്റ്റേജ് മാലിന്യങ്ങൾ മാറ്റുകയെന്നത് വ്യാപകമായി ഏറെ ക്ലേശകരമായി മാറിയിരിക്കെയാണ് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണുന്നത്.
ചെറിയ ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന യൂനിറ്റ് സെപ്റ്റിക് ടാങ്കുകളിലെ മലിനജലം ശുദ്ധീകരിച്ച് സുരക്ഷിതമായി പുറന്തള്ളാൻ കഴിയുന്ന സംവിധാനമാണിത്. ഖര-ദ്രാവക വേർതിരിവ്, ഖരമാലിന്യം കട്ടിയാക്കൽ, മലിനജല സംസ്കരണ പ്രക്രിയകൾ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഓൺ-സൈറ്റ് യൂനിറ്റ് പ്രവർത്തിക്കുന്നത്.
ദ്രാവകം ഖരാവസ്ഥയിൽനിന്ന് വേർതിരിക്കുമ്പോൾ, മലിനജലം സംസ്കരണ പ്രക്രിയയിലൂടെ കടന്നുപോകുകയും ഖരമാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നു.
ഖരമാലിന്യം കട്ടിയാക്കൽ പ്രക്രിയ അതിലെ ഈർപ്പം കുറക്കുന്നതിന് കൂടുതൽ സഹായിക്കുന്നു. സെൻറർഫ്യുജ്, ബയോ മെമംബ്രൈൻ ഫിൽട്രേഷൻ പ്രക്രിയ വഴിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. മൊബൈൽ ട്രീറ്റ്മെൻറ് യൂനിറ്റിന്റെ ശേഷി മണിക്കൂറിൽ 6000 ലിറ്ററാണ്. സംസ്കരിച്ച മലിനജലം സുരക്ഷിതമായി ഒഴുക്കി കളയുന്നതിനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനോ കഴിയും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ സംസ്കരിച്ച ജലത്തിലുണ്ടാവില്ല.
മണവും ഉണ്ടാവില്ല. സർക്കാറിന്റെ അംഗീകാരവും അംഗീകൃത ഏജൻസികളുടെ സർട്ടിഫിക്കേഷനുമുള്ള യൂനിറ്റാണ് എം.ടി.യു. വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 45 ലക്ഷം മുടക്കി വാങ്ങിയ യന്ത്രം മൂൻകൂർ ബുക്കിങ് അനുസരിച്ച് മുനിസിപ്പാലിറ്റിയുടെ വിവിധ വാർഡുകളിൽ പ്രവർത്തിക്കും.
ഇതിന്റെ സർവിസ് ചാർജും പ്രവർത്തന മാനദണ്ഡങ്ങളും നഗരസഭ കൗൺസിൽ ഉടൻ തീരുമാനിക്കും. വീടുകൾ, സ്ഥാപനങ്ങൾ, ഓഫിസുകൾ എന്നിങ്ങനെ 100 മീറ്റർ വരെ വാഹനം എത്തുമെങ്കിൽ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി ക്ലീൻ ചെയ്യാൻ കഴിയും. അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.
പൂർണമായും സെപ്റ്റേജ് ട്രീറ്റ്മെൻറ് വാഹനമാണ്. ശാസ്ത്രീയമായി നിർമിച്ചിട്ടുള്ള സെപ്റ്റിക് ടാങ്കിലെ മാലിന്യം മാത്രമാണ് സംസ്കരിക്കുക. ടാങ്കിന്റെ അടിഭാഗം സീൽ ചെയ്തതാവണം. വാഹനം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തിക്കുകയെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.