മലിനജലത്തിൽ മതിലകം; പള്ളിവളവിൽ കച്ചവടക്കാർ ദുരിതത്തിൽ
text_fieldsമതിലകം: അഴുക്കുചാൽ കവിഞ്ഞ് മലിനജലം കടകളിലേക്ക് കയറുന്ന മതിലകം പള്ളി വളവിൽ കച്ചവടക്കാർ ദുരിതത്തിൽ. ഇതോടൊപ്പം കച്ചവടവും പ്രതിസന്ധിയിലായിരിക്കുകയാണ്. മഴ കനക്കുമ്പോഴാണ് സ്ഥിതി വഷളാകുന്നത്. ഗ്രാമ പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയും നിരുത്തരവാദിത്വവും അത്യന്തം ദുഷ്കരമായ ഈ അവസ്ഥക്ക് ആക്കം കൂട്ടിയതായും കച്ചവടക്കാർ കുറ്റപ്പെടുത്തുന്നു. സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് ദേശീയപാതക്ക് അരികിൽ സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളാണ് ദുരിതാവസ്ഥയിൽ അകപ്പെട്ടിരിക്കുന്നത്.
തൊട്ടടുത്ത വീട്ടുകാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ദേശീയപാതയിലെ ബസ് സ്റ്റോപ്പും മലിന ജലത്തിലാണ്. ഇവിടെ അഴുക്കുചാലിലൂടെ മലിനജലം ഒഴുകി പോകുന്നില്ലെന്ന് മാത്രമല്ല നിറഞ്ഞ് കവിഞ്ഞ് കെട്ടി നിൽക്കുകയാണ്. ഇതോടൊപ്പം പെയ്ത്ത് വെള്ളം കൂടിയായതോടെ സ്ഥിതി ശോചനീയമാണ്. കടകൾക്ക് മുന്നിൽ മലിനജലം കെട്ടി നിൽക്കുന്നതോടൊപ്പം ഉള്ളിലേക്കും കയറുന്ന അവസ്ഥയാണ്. റോഡരികിൽ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കണമെന്ന് ബോധവത്കരിക്കുന്ന പഞ്ചായത്ത് ബോർഡിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചതായും കാണാം. മഴക്കാലപൂർവ ശുചീകരണം ഈ ഭാഗത്തേക്ക് കടന്ന് വരികയോ കാനയിലെ തടസ്സങ്ങൾ നീക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.