കൊടുങ്ങല്ലൂരിൽ മലിനജല സംസ്കരണ പദ്ധതി വരുന്നു; തോടുകളിൽ തെളിനീരൊഴുകും
text_fieldsകൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്തെ ജലാശയങ്ങളിലെ മലിനീകരണം ഇല്ലാതാക്കാൻ ശാസ്ത്രീയ പദ്ധതി നടപ്പാക്കുന്നു. ശുചിത്വ മിഷൻ സ്വച്ഛ് ഭാരത് (അർബൻ) 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നേകാൽ കോടി രൂപയുടെ മലിന ജല സംസ്കരണ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചെയർപേഴ്സൻ ടി.കെ. ഗീത വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ പരിധിയിലെ പെരിയാറിലേക്കും കൈവഴിയായ കനോലി കനാലിലേക്കും മലിനജലം എത്തിച്ചേരുന്ന കാവിൽക്കടവ് കനാൽ, ശൃംഗപുരം ഉൾപ്പെടെ അഞ്ച് ചെറുതോടുകളിൽ ഡ്രെയിനേജ് ഐ ആൻഡ് ഡീട്രീറ്റ്മെന്റ് സിസ്റ്റം എന്ന മലിന ജലസംസ്കരണ സംവിധാനം ഏർപ്പെടുത്തുകയും ശുദ്ധീകരിച്ച ജലം നദിയിലേക്ക് ഒഴുക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച ചർച്ചകൾക്കും സ്ഥല പരിശോധനക്കുമായി ജില്ല ശുചിത്വ മിഷൻ സംഘം നഗരസഭയിൽ എത്തി പദ്ധതിയുടെ പ്രാരംഭ നടപടികൾക്കു തുടക്കംകുറിച്ചു.
എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ സാങ്കേതിക മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തുക. നഗരത്തിലെ മലിനജല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിനോടൊപ്പം ദേശീയ ഹരിത ട്രൈബ്യൂണൽ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുള്ള പെരിയാറിലെ മലിന ജല സംസ്കരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും ഈ പദ്ധതി മുഖാന്തരം കഴിയുമെന്നും ചെയർപേഴ്സൻ ടി.കെ. ഗീത, കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.