ജൈവവൈവിധ്യ പരിപാലന പുരസ്കാരം സ്വന്തമാക്കി ശ്രീനാരായണപുരം പഞ്ചായത്ത്
text_fieldsകൊടുങ്ങല്ലൂർ: കേരളത്തിലെ മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. കാലാവസ്ഥ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ ശോഷണത്തിന്റെയും പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ മനുഷ്യരാശി നേരിടുന്ന സാഹചര്യത്തിൽ ശാസ്ത്രസാങ്കേതിക സഹായത്തോടെയും ബഹുജന പങ്കാളിത്തത്തോടെയും ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി ശ്രീനാരായണപുരം ഗ്രാമപഞ്ചായത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന പുരസ്കാരം.പഞ്ചായത്തിലെ 18 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യമായി ജൈവവൈവിധ്യ ക്ലബുകൾ രൂപവത്കരിച്ചതും പുരസ്കാരത്തിന് പരിഗണിച്ചു.
പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷന്റെ അസ്മാബി കോളജിലെ ജൈവവൈവിധ്യ-കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കിവരുന്ന തൊഴിലുറപ്പിലൂടെയുള്ള ആവാസവ്യവസ്ഥ പുനഃസ്ഥാപന പദ്ധതികൾ ഐക്യ രാഷ്ട്രസഭയുടെ സോസൈറ്റി ഫോർ എക്കോളജിക്കൽ റെസ്റ്റോറേഷൻ (എസ്.ഇ.ആർ. ) അന്തർദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ ) രണ്ടാംഭാഗം കേരളത്തിൽ ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ പുറത്തിറക്കിയത് ശ്രീനാരായണപുരം പഞ്ചായത്താണ്.
സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ മുഖ്യമന്ത്രിയിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്റെ നേതൃത്വത്തിൽ പുരസ്കാരം ഏറ്റുവാങ്ങും. ഇ.ടി. ടൈസൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, കെ.എസ്. ജയ, സുഗത ശശീധരൻ, പ്രഫ. അമിതാ ബച്ചൻ, സജിത പ്രദീപ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. അയൂബ്, സി.സി. ജയ, പി.എ. നൗഷാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രഘുനാഥ്, പഞ്ചായത്ത് ബി.എം.സിയുടെ ചെയർമാൻ എം.എസ്. മോഹനൻ, സെക്രട്ടറി രഹന പി. ആനന്ദ്, കൺവീനർ രതീഷ്, കോഓഡിനേറ്റർ എൻ.എം. ശ്യംലി, കെ.ആർ. രാജേഷ്, ജിബിമോൾ, ഇ.ആർ. രേഖ, ടി.കെ. വരുണൻ, ദേവിക എം. അനിൽകുമാർ തുടങ്ങിയവർ ജൈവവൈവിധ്യ പരിപാലന സമിതിയിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.