വഴിവിളക്ക് സമരം 111 ദിവസം; നഗരസഭയുടെ വാദമുഖത്തിനെതിരെ സമരക്കാർ
text_fieldsകൊടുങ്ങല്ലൂർ: ചന്തപുര-കോട്ടപ്പുറം ബൈപാസിൽ വഴി വിളക്ക് സ്ഥാപിക്കുന്നതിന് അബ്ദുൽ ലത്തീഫ് സ്മൃതി സമിതി നടത്തിവരുന്ന സത്യഗ്രഹം ഞായറാഴ്ച നൂറ്റിപതിനൊന്ന് ദിവസം പിന്നിട്ടു.
ദേശീയപാത അതോറിറ്റിക്ക് കൈമാറിയതിനാൽ നഗരസഭക്ക് അതോറിറ്റിയുടെ അനുവാദമില്ലാതെ ലൈറ്റിടാനാകില്ലെന്നാണ് നഗരസഭയുടെ ആദ്യന്തമുള്ള വിശദീകരണം. മരിച്ച ലത്തീഫും ലത്തീഫ് സ്മൃതി സമിതിയും രാഷ്ട്രീയ പ്രേരിതമായാണ് സമരത്തിനിറങ്ങിയതെന്നുമാണ് നഗരസഭ ചെയർമാനും വൈസ് ചെയർമാനും പറയുന്നത്.
എന്നാൽ, ദേശീയപാത 66 കടന്നുപോകുന്ന മരട്, കോട്ടക്കൽ നഗരസഭകൾ, ഏറ്റടുക്കലിനുശേഷം സമീപകാലത്ത് വഴി വിളക്കുകൾ തെളിയിച്ചതായി സത്യഗ്രഹ സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മാത്രമല്ല കൊടുങ്ങല്ലൂർ നഗരസഭയിലെ ചില കൗൺസിലർമാർ തന്നെ അവരുടെ വാർഡുകളുടെ ഭാഗത്ത് ബൈപാസിലെ സർവിസ് റോഡിൽ ഏതാനും വിളക്കുകൾ സ്ഥാപിച്ചതും മോട്ടോർ വാഹന വകുപ്പ് പ്രധാന റോഡിൽ കാമറകൾ സ്ഥാപിച്ചതും ദേശീയപാത അധികൃതരുടെ അനുവാദത്തോടെയല്ലെന്നും ഭാരവാഹികൾ പറഞ്ഞു.
111ാം ദിനത്തിൽ പനങ്ങാട് കെയർ ആർമി പ്രവർത്തകർ സത്യഗ്രഹമിരുന്നു. കെ.ആർ. നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഷിംനാസ് പൊന്നകത്ത് അധ്യക്ഷത വഹിച്ചു. ഇ.കെ. സോമൻ, നെജു ഇസ്മയിൽ, മൊയ്തീൻ എടച്ചാൽ, കെ.എസ്. സുഫിയാൻ, ടി.എസ്. മുഹമ്മദ് റയാൻ, പി.എസ്. സഫ്വാൻ, മിനി ശശികുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.