സിസേറിയന് പിന്നാലെ ദേഹാസ്വസ്ഥ്യം; യുവതിക്ക് വീണ്ടും ശസ്ത്രക്രിയ
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. ചികിത്സാപിഴവെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി.
ചെന്ത്രാപ്പിന്നി സ്വദേശി പ്രേംകുമാറിന്റെ മകളും ചേർത്തല പള്ളിപ്പുറം സ്വദേശി ആദർശ് ദാസിന്റെ ഭാര്യയുമായ മോനിഷയാണ് കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിക്കും, ഗൈനക്കോളജിസ്റ്റ് ഡോ. സീമ ഗംഗാധരനുമെതിരെ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ 20നാണ് പട്ടികജാതിക്കാരിയായ മോനിഷ താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായത്. പിറ്റേന്ന് മുതൽ വയറുവേദനയും അസസ്ഥതകളും അനുഭവപ്പെട്ടു. എന്നാൽ വേണ്ടത്ര ചികിത്സ നൽകാതെ 25ന് തന്നെ ഡിസ്ചാർജ് ചെയ്തതായി മോനിഷ പരാതിയിൽ പറയുന്നു.
വേദന അസഹനീയമായതിനെ തുടർന്ന് ചെന്ത്രാപ്പിന്നിയിലുള്ള സ്വകാര്യ ഡോക്ടറെ കണ്ടു. ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാനിങിന് വിധേയയായി. തുടർന്ന് സിസേറിയൻ നടത്തിയ ഡോക്ടറെ കാണാൻ നിർദ്ദേശിച്ചതിനെ തുടർന്ന് ജനുവരി ഒന്നിന് ഉച്ചക്ക് 12ന് താലൂക്ക് ആശുപത്രിയിൽ എത്തിയ തനിക്ക് 20 മണിക്കൂർ കഴിഞ്ഞ് പിറ്റേന്ന് രാവിലെയാണ് ചികിത്സ ലഭിച്ചതെന്ന് മോനിഷ പറയുന്നു.
ജനുവരി രണ്ടിന് ഡോ. സീമ ഗംഗാധരന്റെ നിർദ്ദേശപ്രകാരം താലൂക്ക് ആശുപത്രിയിലെ സർജൻ പരിശോധിക്കുകയും സ്കാനിങ്ങിന് വിധേയയാക്കുകയും ചെയ്തു. ഇതിൽ യുവതിയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും പഴുപ്പുണ്ടെന്നും കണ്ടെത്തി. എന്നാൽ താലൂക്ക് ആശുപത്രി ഡോക്ടർ തന്നെ കയ്യൊഴിയുന്ന രീതിയിലാണ് പെരുമാറിയതെന്ന് മോനിഷ ആരോപിച്ചു. ഇതിനിടെ യുവതിയുടെ ഭർത്താവും ബന്ധുക്കളും താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കണ്ടു വിവരങ്ങൾ ധരിപ്പിച്ചെങ്കിലും ഡോ. സീമ ഗംഗാധരനിൽ നിന്ന് കൃത്യമായ വിവരമോ, രോഗി എന്ന നിലയിൽ പരിചരണമോ ആവശ്യത്തിന് ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് ജനുവരി അഞ്ചിന് മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോനിഷയെ സി.ടി സ്കാനിങ്ങിന് വിധേയമാക്കി. ഈ റിപ്പോർട്ട് പ്രകാരം വയറ്റിൽ രക്തം കട്ടപിടിച്ച് പഴുപ്പ് ആയിട്ടുണ്ടെന്നും നൂലുപോലെ വസ്തു വയറ്റിൽ ഉണ്ടെന്നും അറിഞ്ഞു. തുടർന്ന് യുവതിയെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കുകയായിരുന്നു. അതേസമയം രക്തം കട്ടപിടിക്കുന്നത് പ്രസവ ശസ്ക്രിയക്കിടയിൽ അപൂർവമായി ഉണ്ടാകാറുണ്ടെന്നും ഇത് അത്ര ഗുരുതര അവസ്ഥയല്ലന്നും യുവതിയോട് മെഡിക്കൽ കോളജിൽ പോകാൻ നിർദ്ദേശിച്ചിരുന്നതായും ചികിത്സ പിഴവുണ്ടായിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ലെന്നും ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.