സംസ്ഥാന സോഫ്റ്റ് ബാൾ ടീമിനെ നയിക്കാൻ കൊടുങ്ങല്ലൂരിന്റെ തീരത്ത് നിന്നൊരു കൗമാര താരം
text_fieldsകൊടുങ്ങല്ലൂർ: സോഫ്റ്റ് ബാൾ കേരള ടീമിനെ നയിക്കാൻ കൊടുങ്ങല്ലൂരിന്റെ തീരത്ത് നിന്നൊരു കൗമാര താരം. കൊടുങ്ങല്ലൂരിന്റെ കടൽ തീരമായ പി. വെമ്പല്ലൂർ ആറ്റുപുറത്ത് നിന്നുള്ള അമൽ കൃഷ്ണ എന്ന 17കാരനാണ് കളിമികവിന്റെ മിടുക്കിൽ കേരള ജൂനിയർ ടീമിന്റെ അമരക്കാരനായത്. 11ന് വിശാഖ പട്ടണത്താണ് ദേശീയ ചാമ്പ്യൻഷിപ്. പത്തനംതിട്ടയിൽ നടന്ന പരിശീലന ക്യാമ്പിന് ശേഷം അമൽ കൃഷ്ണയുടെ നേതൃത്വത്തിലുള്ള കേരള ടീം വിശാഖ പട്ടണത്തേക്ക് യാത്ര തിരിച്ചു.
സോഫ്റ്റ് ബാളിന് കാര്യമായ പാരമ്പര്യമൊന്നുമില്ലാത്ത കൊടുങ്ങല്ലൂരിന്റെയും തീരദേശത്തിന്റെയും മണ്ണിൽ നിന്നാണ് ഈ കൗമാര ക്യാപ്റ്റന്റെ വരവ്. അമൽ കൃഷ്ണയുടെ കായിക താൽപര്യത്തെ പി. വെമ്പല്ലൂർ എം.ഇ.എസ് ഹൈസ്കൂൾ കായിക അധ്യാപകനായ മുഹമ്മദ് റഷീദാണ് സോഫ്റ്റ് ബാളിലേക്ക് തിരിച്ചുവിട്ടത്.
കൂളിമുട്ടം പൊക്കളായി സ്വദേശി അനുരാഗ് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമുണ്ടായി. എസ്.എൻ പുരം പള്ളിനടയിലെ ടി.സി. വിഷ്ണു പരിശീലകനുമായതോടെ അമൽ കൃഷ്ണയുടെ കളിമികവും ഉയർന്നു. എം.ഇ.എസ് ഹയർ സെക്കൻഡറിയിലെ പഠനകാലവും ഗുണകരമായി. ജില്ല സംസ്ഥാന മത്സരങ്ങൾക്ക് പുറമെ 2020ലെ ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കേരളത്തിന് വേണ്ടി മാറ്റുരച്ചു.
ബെയ്സ് ബാളിലും മികവ് പ്രകടമാണ്. കെട്ടിട നിർമാണ തൊഴിലാളിയായ പി.വെമ്പല്ലൂർ കാട്ടിൽ രാജീവന്റെയും സന്ധ്യയുടെയും മകനായ ഈ കായിക പ്രതിഭ ഇല്ലായ്മയുടെ ചുറ്റുവട്ടത്ത് നിന്നാണ് നാടിന്റെ അഭിമാന താരമായി മാറിയിരിക്കുന്നത്. കൃഷ്ണപ്രിയയാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.