സ്കൂട്ടർ യാത്രികന്റെ ജീവനെടുത്തത് ദേശീയപാത വികസന പ്രവൃത്തിയിലെ അനാസ്ഥ
text_fieldsകൊടുങ്ങല്ലൂർ: ഒടുവിൽ ദേശീയപാത വികസന പ്രവൃത്തിയിലെ അനാസ്ഥ സ്കൂട്ടർ യാത്രികന്റെ ജീവനെടുത്തു. നിരവധി പേർക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരും സാരമായ പരിക്കോടെ ചികിത്സയിലാണ്. വലിയ തോതിൽ വാഹന ഗതാഗതം നടക്കുന്ന ദേശീയ പാതയിൽ വികസന പ്രവ്യത്തികളിൽ വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ ഉയരുന്നുണ്ട്.
ആറുവരിപാത നിർമാണം പുരോഗമിക്കാൻ തുടങ്ങിയതോടെ റോഡിലാകെ അപകടാവസ്ഥ നിലനിൽക്കുന്നു. റോഡ് നിർമാണത്തിന് കൽപ്പൊടി, മെറ്റൽ, മണ്ണ് തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും റോഡരികിലാണ് വലിയ തോതിൽ കൂട്ടുന്നത്. ഇതാകട്ടെ ക്രമേണ റോഡിലേക്ക് ഇടിഞ്ഞ് പോരുന്ന അവസ്ഥയാണ്. പൈലിങ് അവശിഷ്ടമായ ചളിവെള്ളം റോഡുകളിലും ഒഴുക്കിവിടുന്നതും ദുരിതമാകുകയാണ്. കൽപ്പൊടിയും നിർമാണാവശിഷ്ടങ്ങളുമെല്ലാം റോഡിൽ ചളിയായി മാറിയതാണ് ബുധനാഴ്ച ശ്രീനാരായണപുരം പൊരിബസാറിൽ അപകടത്തിന് വഴിവെച്ചത്.
ബൈക്ക് യാത്രികരായ പലരും ഇവിടെ തെന്നിവീണെങ്കിലും ചെറിയ പരിക്കോടെ രക്ഷപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് സ്കൂട്ടർ യാത്രികനായ സിക്കന്തർ തെന്നിവീണ് ബസിനടിയിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടതും. ഏതാനും ദിവസം മുമ്പ് കൊടുങ്ങല്ലൂരിലെ ടി.കെ.എസ്.പുരത്തും ശ്രീനഗറിലും ബൈക്ക് യാത്രികർ തുടർച്ചയായി തെന്നിവീണു. ഇവരിൽ ചിലർ സാരമായ പരിക്കോടെ ഇപ്പോഴും ചികിത്സയിലാണ്. ആറുവരിപ്പാത നിർമാണത്തിന് ഇറക്കിയ ബേബി മെറ്റൽ റോഡിൽ പരന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.