അധികൃതരേ കാണൂ... കുടിവെള്ളം മുട്ടിയ നാട്ടുകാർ സ്വന്തമായി പദ്ധതി തുടങ്ങി
text_fieldsകൊടുങ്ങല്ലൂർ: കുടിവെള്ളത്തിനായി നട്ടംതിരിയുന്ന നാട്ടിൽ ജനകീയ കൂട്ടായ്മയിൽ മാതൃക കുടിവെള്ള പദ്ധതി. ദുരിതം പേറുന്നവർ പരസ്പരം കൈകോർത്ത് മനഷ്യസ്നേഹികളുടെ സഹകരണത്തോടെ വീട്ടുമുറ്റത്തേക്ക് സ്വന്തമായി ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.
ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം കല്ലുംപുറത്താണ് പദ്ധതി സജ്ജമാകുന്നത്. പ്രദേശത്തെ അറുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഈ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ജലവിതരണം മാത്രമാണ് ആശ്രയം. പുഴയോരമായതിനാൽ പരമ്പരാഗത ജലസ്രോതസ്സുകളിലെല്ലാം ഉപ്പുരസമുള്ള വെള്ളമാണുള്ളത്. നിരന്തരമുണ്ടാകുന്ന പൈപ്പ് പൊട്ടലും വൈദ്യുതി തകരാറുകളും ഒപ്പം ദേശീയപാത 66ന്റെ വികസന പ്രവൃത്തികളും ആരംഭിച്ചതോട ശുദ്ധജല വിതരണം താറുമാറായി. ദിവസങ്ങളോളം വെള്ളം കിട്ടാതെ വിഷമിച്ചു.
ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് കുടിവെള്ള വിതരണ പദ്ധതിക്ക് രൂപം നൽകിയത്. ശുദ്ധജലം ലഭിക്കുന്ന സ്ഥലത്ത് മൂന്ന് കുഴൽക്കിണറുകൾ കുഴിച്ച് അതിൽനിന്നും പമ്പ് ചെയ്യുന്ന വെള്ളം പൈപ്പ് ലൈൻ സ്ഥാപിച്ച് വീടുകളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ഏഴാം വാർഡ് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.എ. നൗഷാദിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ജലവിതരണ പദ്ധതിക്ക് മൂന്ന് ലക്ഷം രൂപയാണ് പ്രാഥമിക ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി തുക ഗുണഭോക്താക്കളിൽനിന്നും സമാഹരിച്ചു. ബാക്കി വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും സ്പോൺസർഷിപ്പ് വഴി സമാഹരിച്ചുവരികയാണ്. ആറ് ടാങ്കുകളും രണ്ട് മോട്ടോറും സുമനസ്സുകൾ വാങ്ങി നൽകി.
പ്രദേശത്തെ യുവാക്കൾ ഉൾപ്പെടെയുള്ളവരുടെ ശ്രമദാനവും കൂടി ഉൾചേർന്നതാണ് ജനകീയ പദ്ധതി. ഉയരം ക്രമീകരിക്കാൻ സ്ഥലത്തെ പള്ളിയുടെ മേലെയും ടാങ്കുകൾ സ്ഥാഥാപിച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് ഉൾപ്പടെയുള്ള തുടർ ചിലവുകൾ ഗുണഭോക്താക്കളുൾപ്പെട്ട കമ്മിറ്റി വഹിക്കും. പൈപ്പ് സ്ഥാപിക്കൽ ഉൾപ്പടെയുള്ള പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായി.
അടുത്തദിവസങ്ങളിൽ തന്നെ ജലവിതരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മയിലുള്ളവർ. സി.പി.എം ശാന്തിപുരം ബ്രാഞ്ച് സെക്രട്ടറി പി.ആർ. രാജുവിന്റെ നേതൃതത്തിൽ ആമിന അൻവർ ചെയർമാനും താജുദ്ദീൻ പുതുവീട്ടിൽ കൺവീനറും റഹീം കുറുക്കൻക്കാട്ടിൽ ട്രഷറുമായുള്ള കമ്മിറ്റിയാണ് ജലവിതരണ പദ്ധതി നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.