കാറിൽ മയക്കുമരുന്ന് വെച്ച് യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറിൽ ഭർത്താവിന്റെ നിർദേശപ്രകാരം എം.ഡി.എം.എ വെച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസിൽപെടുത്താൻ ശ്രമിച്ച കേസിൽ കൊടുങ്ങല്ലൂർ മേത്തല ആനാപ്പുഴ ബാസ്റ്റിൻ തുരുത്ത് നൊട്ടന്റെ പറമ്പിൽ കിരണാണ് (34) അറസ്റ്റിലായത്. രണ്ടാം പ്രതിയും യുവതിയുടെ ഭർത്താവുമായ കൊല്ലം സ്വദേശി ശ്രീകുമാറിനെ പിടികിട്ടാനുണ്ട്.
കഴിഞ്ഞ മാർച്ച് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂർ മൂൺ അപ്പാർട്മെന്റിന് സമീപം പാർക്ക് ചെയ്തിരുന്ന കെ.എൽ -75- 7430 നമ്പർ സ്വിഫ്റ്റ് കാറിൽ മയക്കുമരുന്ന് വെച്ച് അപ്പാർട്മെന്റിൽ താമസിച്ചിരുന്ന യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
യുവതിയുടെ ഭർത്താവിന്റെ നിർദേശപ്രകാരമാണ് കിരൺ യുവതിയും സുഹൃത്തും ഉപയോഗിച്ചിരുന്ന കാറിൽ എം.ഡി.എം.എ വെച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കാറിന്റെയും, പരിസരത്തിന്റെയും ചിത്രങ്ങളെടുത്ത് കിരൺ ഗൾഫിലുള്ള ശ്രീകുമാറിന് അയച്ചുകൊടുത്തു.
തുടർന്ന് ശ്രീകുമാറിന്റെ സുഹൃത്ത് വഴി പൊലീസിന് വിവരം നൽകുകയായിരുന്നു. സി.സി.ടി.വിയും ടെലിഫോൺ സംഭാഷണങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയും ശ്രീകുമാറും വർഷങ്ങളായി സുഹൃത്തുക്കളാണ്. കൊല്ലം സ്വദേശിയായ ഭാര്യയും ശ്രീകുമാറും ഇപ്പോൾ അകന്ന് കഴിയുകയാണ്.
കൊടുങ്ങല്ലർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റ നേതൃത്വത്തിൽ എസ്.ഐമാരായ ഹറോൾഡ് ജോർജ്, എൻ.പി. ബിജു, എ.എസ്.ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ഒ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.