നടുറോഡിൽ മരണക്കുഴി; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകൊടുങ്ങല്ലൂർ: നടുറോഡിൽ ഗർത്തം നിർമിച്ച് ഗതാഗത തടസ്സവും ഭീതിയും സൃഷ്ടിച്ച ദേശീയപാത കരാറുകാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.
കൊടുങ്ങല്ലൂർ നഗരത്തിലെ തിരക്കേറിയ ചന്തപുര ജങ്ഷനിലാണ് നടുറോഡിലെ വൻ ഗർത്തം. ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റാൻ എന്ന പേരിലാണ് റോഡിൽ വൻ കുഴി ഉണ്ടാക്കിയത്. നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ചെയ്യേണ്ട പ്രാഥമികമായ ജാഗ്രത ബോർഡുകൾ പോലും സ്ഥാപിക്കാതെയാണ് തിരക്കേറിയ ജങ്ഷനിൽ ആന വീണാൽ പോലും കാണാത്ത കുഴികൾ ഉണ്ടാക്കി നിർമാണ പ്രവർത്തനം നടത്തുന്നതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഇതിനു മുമ്പും മാസങ്ങളോളം ഈ ജങ്ഷനിൽ കുഴികൾ ഉണ്ടാക്കി മൂടാതെ ഇട്ടിരുന്നു. വികസന പ്രവർത്തനത്തിന് വേണ്ടി എന്ന നിലയിൽ ജനങ്ങൾ പരമാവധി ക്ഷമ പാലിക്കുകയായിരുന്നു.
കുഴിക്ക് ചുറ്റും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ നടത്തുന്ന പ്രവൃത്തിക്കെതിരെ സി.പി.എം ഏരിയ സെക്രട്ടറിയായ വാർഡ് കൗൺസിലർ കെ. ആർ. ജൈത്രനും രംഗത്ത് വന്നു. വഴി പൂർണമായും അടച്ച് ജനങ്ങൾക്ക് നടന്നുപോകാൻ പോലും കഴിയാത്ത രീതിയിൽ നിർമാണം നടത്തുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല.
വാഹനങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും സുരക്ഷിതമായി നടക്കാൻ കഴിയുന്ന രീതിയിൽ ആവശ്യമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് സമരപരിപാടികൾ ആരംഭിക്കുമെന്നും കെ. ആർ. ജൈത്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.