അജ്ഞാത യുവാവിന് സംരക്ഷണമൊരുക്കി സുമനസ്സുകൾ
text_fieldsകൊടുങ്ങല്ലൂർ: പഴുപ്പ് ബാധിച്ച് കാലിലെ വിരലറ്റ മാനസികനില തെറ്റിയ അജ്ഞാത യുവാവിന് സംരക്ഷണമൊരുക്കി സുമനസ്സുകൾ. മതിലകം ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിലാണ് യുവാവിന് സംരക്ഷണമൊരുക്കിയത്. മതിലകം പൊലീസ് പട്രോളിങ്ങിനിടെ സി.കെ വളവിൽ വെച്ചാണ് റോഡരികിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ ക്ഷീണിതനായി വേച്ച് വേച്ച് നടക്കുന്നത് കണ്ടത്. അടുത്തുചെന്ന പൊലീസിന് കാണാനായത് യുവാവിന്‍റെ വലതുകാലിലെ തള്ളവിരൽ നഷ്ടപ്പെട്ട് ബാക്കി ഭാഗം മുഴുവൻ പഴുത്തൊലിക്കുന്ന അവസ്ഥയാണ്.
സംസാരിക്കാൻ ശ്രമിച്ചെങ്കിലും പരസ്പര വിരുദ്ധമായി മറ്റെന്തോ ഭാഷകളാണ് സംസാരിക്കുന്നത്. സുരേഷ് എന്ന് അവ്യക്തമായി പറയുന്നുണ്ടായിരുന്നു. അവശനായ യുവാവിന് ആദ്യം ഭക്ഷണം വാങ്ങി നൽകി. തുടർന്ന് കടത്തിണ്ണയിൽ ഇരുത്തിയ ശേഷം മറ്റുള്ളവരുടെ കൂടി സഹകരണത്തോടെ മുടിവെട്ടി കുളിപ്പിച്ച് മുറിവുകളിൽനിന്ന് പഴുപ്പ് നീക്കി. ആരോഗ്യ വകുപ്പുകാരെ വരുത്തിയാണ് ശുശ്രൂഷ നൽകിയത്. പുതുവസ്ത്രങ്ങൾ ധരിപ്പിച്ച് വിഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
തുടർന്ന് വലപ്പാട് സി.പി ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയ ആംബുലൻസിൽ തൃശൂർ പടിഞ്ഞാറേേക്കാട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുളിച്ച് വൃത്തിയായതോടെ യുവാവിന്‍റെ മറ്റൊരു രൂപമാണ് കാണാനായത്. മതിലകം പൊലീസ് സബ് ഇൻസ്പെക്ടർ വി.വി. വിമൽ, കേരള ഹോം ഗാർഡ് പി.കെ. അൻസാരി, പൊലീസ് ജനമൈത്രി അംഗം ഷെമീർ എളേടത്ത്, കൂളിമുട്ടം എഫ്.എച്ച്.സി നഴ്സിങ് ഓഫിസർ ഷെറിൻ പി. ബഷീർ, സഗീർ പെരുന്തറ, ഹിലാൽ കുരിക്കൾ, സി.കെ വളവ് പൗരാവലി പ്രവർത്തകരായ താളം റാഫി, നാസർ സാസ്, ഷെഫീഖ്, സിദ്ദി വടക്കൻ, റഫീഖ് തുടങ്ങിയവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.