മോഷണത്തിന് മുമ്പ് മന്ത്രവാദവും !
text_fieldsകൊടുങ്ങല്ലൂർ: ‘മോഷണ വീടുകൾ കണ്ടെത്താൻ ആക്രി കച്ചവടവും കത്തിക്ക് മൂർച്ച കൂട്ടലും പിടിക്കപ്പെടാതിരിക്കാൻ മന്ത്രവാദവും’ -കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷൻ പരിധിയിലെ കവർച്ച പരമ്പരകളുമായി ബന്ധപ്പെട്ട് പിടിയിലായ തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ അമ്പരിപ്പിക്കുന്ന രീതികൾ പൊലീസിന് ലഭിച്ചത്. ഇത്തരം സംഘങ്ങൾ മുമ്പും കൊടുങ്ങല്ലൂർ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മോഷണം നടത്തുകയും പലരെയും സമർഥമായ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയിട്ടുമുണ്ട്. കവർച്ച തൊഴിലായി സ്വീകരിച്ച തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽനിന്നുള്ള കുറവ വിഭാഗക്കാരാണ് ഈ രീതികൾ മോഷണത്തിന് സ്വീകരിക്കുന്നതെന്ന് പൊലീസ് പറയുന്നു. മോഷണം ലക്ഷ്യമിടുന്ന വീടുകളുടെ പരിസരത്ത് എവിടെയെങ്കിലുമായിരിക്കും ഇവർ മന്ത്രവാദ കർമങ്ങൾ ചെയ്യുക.
ഈയിടെ തീരദേശ മേഖലയിൽ നടന്ന ചില മോഷണസ്ഥലങ്ങളിൽ ഇത്തരം കർമങ്ങളുടെ അവശിഷ്ടങ്ങൾ കാണുകയുണ്ടായി. മുമ്പ് കൊടുങ്ങല്ലൂർ പടിഞ്ഞാറ് ഭാഗത്ത് മോഷണം നടന്ന ചില വീടുകളുടെ പിൻഭാഗത്ത് സമാന കാഴ്ചകൾ ഉണ്ടായിട്ടുണ്ട്. ആരാധനമൂർത്തിയെ ധ്യാനിച്ച് മന്ത്രവാദം നടത്തി ഭസ്മം ശരീരത്തിൽ പൂശിക്കഴിഞ്ഞാൽ തങ്ങൾ മറ്റുള്ളവരുടെ മുന്നിൽ അദൃശ്യരാകുമെന്നും പിടിക്കപ്പെടില്ലെന്നും ദൃഢമായി വിശ്വസിക്കുന്നവരാണിവർ. മുഖം മറച്ചാണ് മോഷണം. ആൾ സാന്നിധ്യമുള്ള വീടുകളായാലും ഇവർ നോക്കിവെച്ച് കയറും. മോഷണം നടത്തിയതിലധികവും പിൻവാതിലുകൾ അത്ര ഭദ്രമല്ലാത്ത ഇടത്തരം വീടുകളാണ്.
പകൽ ഉൾറോഡുകളിൽ ആക്രിക്കാരും കത്തിയും മറ്റും മൂർച്ച കൂട്ടുന്നവരുമായാണ് ഇവർ ചുറ്റിക്കറങ്ങുന്നത്. ആമയെ പിടിക്കുന്നവരായും ഊര് ചുറ്റും. ഈ സമയം അനുയോജ്യമായ വീടുകളും പറമ്പുകളിലൂടെ വീടിന്റെ പിൻഭാഗത്ത് എത്താൻ പറ്റുന്ന വഴികളും കണ്ടുവെക്കുന്ന മോഷ്ടാക്കൾ അടയാളം വെച്ചായിരിക്കും തിരിച്ചുപോകുക. ഇവരുടെ വിശ്വാസപരമായി ഏറ്റവും അനുയോജ്യമായ ദിവസം മോഷണത്തിന് തെരഞ്ഞെടുക്കും. തീരദേശത്ത് ചിലയിടങ്ങളിൽ തമ്പടിച്ച നാടോടികളോടൊപ്പമാണ് പിടിയിലായവർ താമസിച്ചിരുന്നത്. മോഷ്ടാക്കളുടെ തന്ത്രങ്ങൾ മനസ്സിലാക്കി വീട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.