കൊടുങ്ങല്ലൂർ മുസ്രിസ് സ്റ്റാൻഡിൽ ബസുകളെത്തിയെങ്കിലും പ്രശ്നങ്ങളേറെ
text_fieldsകൊടുങ്ങല്ലൂർ: നഗരസഭയിൽ പുതുതായി നിലവിൽ വന്ന മുസ്രിസ് ബസ് സ്റ്റാൻഡിൽ ഒടുവിൽ ബസുകളെത്തി. അതേസമയം, നിർദേശം താൽക്കാലികമായി അംഗീകരിച്ചെങ്കിലും പുതിയ സ്റ്റാൻഡിൽ വരണമെന്ന് അധികൃതർ നിർദേശിച്ച ബസുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉടമകൾ രംഗത്തുവന്നിരിക്കുകയാണ്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ ബസുകൾ പുതിയ സ്റ്റാൻഡിൽ കയറില്ലെന്ന നിലപാടിലാണ് ഉടമകൾ.
അധികസമയം കിട്ടുന്ന ബസുകളാണ് ഏറെയും പുതിയ സ്റ്റാൻഡിൽ വന്നത്. ഗുരുവായൂരിൽനിന്ന് വന്ന് കൊടുങ്ങല്ലൂരിൽ സർവിസ് അവസാനിപ്പിക്കുന്ന ലോക്കൽ ബസുകളും അഴീക്കോട്, പി. വെമ്പല്ലൂർ ഉൾപ്പെടെ തീരദേശ മേഖലയിൽനിന്നുള്ള ബസുകളുമാണ് പുതിയ സ്റ്റാൻഡിൽ എത്തിയത്. എന്നാൽ, കുറഞ്ഞസമയം കിട്ടുന്ന ബസുകളിൽ പലതും സ്റ്റാൻഡിൽ കയറിയില്ല.
ലക്ഷ്മി തിയറ്ററിനു മുന്നിൽനിന്നാരംഭിച്ച് കോഓപറേറ്റിവ് കോളജിനു മുന്നിൽ അവസാനിക്കുന്ന റോഡ് വൺവേ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ലംഘിച്ച് നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ടവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. 20 മുതൽ പുതിയ സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ നടപടിയെടുക്കാൻ ട്രാഫിക് അതോറിറ്റി കമ്മിറ്റി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബസുകൾ അധികവും മുസ്രിസ് സ്റ്റാൻഡിലെത്തിയത്.
ഉദ്ഘാടനം കഴിഞ്ഞിട്ടും സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാത്തതിനെതിരെ നഗരസഭ പ്രതിപക്ഷ നിരയിലെ ബി.ജെ.പിയും കോൺഗ്രസും സമരത്തിനിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് 20 മുതൽ സ്റ്റാൻഡിലെത്താത്ത ബസുകൾക്കെതിരെ നടപടിയെടുക്കാൻ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്.
ഇതേതുടർന്ന് പുതിയ സ്റ്റാൻഡിലെത്താൻ ബസുകൾ നേരിടുന്ന പ്രതിബന്ധങ്ങൾ നിവേദനമായി നഗരസഭ അധികൃതർക്ക് നൽകിയിരിക്കുകയാണ് ബസുകാർ. ഇതുമായി ബന്ധപ്പെട്ട് 23ന് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ പുതിയ സ്റ്റാൻഡിൽ ബസ് കയറുന്നത് നിർത്തിവെക്കുമെന്ന് ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂനിറ്റ് സെക്രട്ടറി രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.