മാതാവിനും സഹോദരിക്കും പിന്നാലെ പിതാവും യാത്രയായി; അരുൺ തനിച്ചായി
text_fieldsകൊടുങ്ങല്ലൂർ: മകനെ തനിച്ചാക്കി ഒടുവിൽ പിതാവും അന്ത്യയാത്രയായി. മതിലകം വെസ്റ്റിലെ തോട്ടുപുറത്ത് വീട്ടിൽ നിന്നാണ് മൂന്നര മാസത്തിനുള്ളിൽ മൂന്നാമതൊരാളെ കൂടി മരണം കൂട്ടിക്കൊണ്ടുപോയത്. ഗൃഹനാഥൻ തോട്ടുപുറത്ത് ഉണ്ണികൃഷ്ണൻ (61) ആണ് ശനിയാഴ്ച മരിച്ചത്.
റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനായ ഉണ്ണികൃഷ്ണെൻറ ഭാര്യയുടെയും മകളുടെയും വേർപാടിെൻറ വേദന വിട്ടകലും മുമ്പാണ് അദ്ദേഹത്തെയും വിധി തട്ടിയെടുത്തത്. കഴിഞ്ഞ മേയ് 14ന് രാത്രി നടന്ന ഭാര്യ പ്രീതിയുടെയും മകൾ ഉണ്ണിമായയുടെയും മരണം നാടിനെ സങ്കടപ്പെടുത്തിയ ദാരുണ സംഭവമായിരുന്നു. ശ്വസന സംബന്ധമായ രോഗാവസ്ഥയിലായിരുന്ന ഉണ്ണിമായ പ്രയാസം അനുഭവപ്പെടുമ്പോൾ ഓക്സിജൻ കോൺസൻട്രേറ്റർ വെച്ചാണ് ശ്വസിച്ചിരുന്നത്. കാറ്റിലും മഴയിലും വൈദ്യുതി നിലച്ചതോടെ കോൺസൻട്രേറ്റർ പ്രവർത്തനം നിലച്ചു. ഇതോടെ അവശനിലയിലായ ഉണ്ണിമായ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മകളുടെ മരണ വിവരം അറിഞ്ഞയുടനെയാണ് അമ്മയുടെ വിയോഗം. ഇരുവരുടെയും മരണത്തോടെ പലവിധ രോഗങ്ങളാൽ ശാരീരിക അവശതയിൽ കഴിഞ്ഞ ഉണ്ണികൃഷ്ണനും, കൂടെ മകൻ അരുണും പെരിഞ്ഞനം കൊറ്റംകുളത്ത് സഹോദരെൻറ വീട്ടിലായിരുന്നു താമസം. രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉണ്ണികൃഷ്ണെൻറ മരണം ശനിയാഴ്ച വൈകീട്ടായിരുന്നു. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ രാത്രിയോടെ സംസ്കരിച്ചു. ഭാര്യയുടെയും മകളുടെയും ചിതയൊരുക്കിയ സ്വന്തം വീട്ടുവളപ്പിൽതന്നെയായിരുന്നു ചിതയൊരുക്കിയത്. മകൻ മുത്തു എന്ന അരുൺ ചിതക്ക് തീ കൊളുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.