75 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: 75 കുപ്പി വ്യാജമദ്യവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് മണപ്പാട്ടുചാൽ തണ്ടാശ്ശേരി സിറിൾ (36), എറിയാട് മേനോൻ ബസാർ തേർപുരയ്ക്കൽ വീട്ടിൽ മിഖിൽ (32) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. മദ്യം വിൽക്കാൻ ഉപയോഗിക്കുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
തീരദേശ മേഖലയിൽ വ്യാജമദ്യ വിൽപന വ്യാപകമായെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്സൈസ് ഷാഡോ ടീം 'ഓപറേഷൻ ബ്ലാക്ക്' പേരിൽ നിരീക്ഷണം നടത്തുകയായിരുന്നു. ഡ്രൈഡേയും കൊടുങ്ങല്ലൂർ ഭരണിയും ആയതിനാൽ വ്യാപകമായി മദ്യം ഒഴുകുമെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
അഴീക്കോട്, മേനോൻബസാർ, ലൈറ്റ് ഹൗസ്, കൊട്ടിക്കൽ, മഞ്ഞളിപ്പള്ളി, എറിയാട് മേഖലയിൽ ചിലർ അനധികൃത മദ്യവിൽപന നടത്തുന്നെന്ന വിവരം ലഭിച്ചതായും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്പിരിറ്റിൽ നിറം ചേർത്ത് രാസപരിശോധനകൾ ഒന്നുമില്ലാതെയാണ് വ്യാജമദ്യം ഉണ്ടാക്കുന്നത്. ഇത്തരം മദ്യം ഉപയോഗിച്ചാൽ കാഴ്ച നഷ്ടപ്പെടുകയോ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യാം.
ഈ മദ്യം വാങ്ങി ഉപയോഗിച്ചവർ ഉടൻ വൈദ്യസഹായം തേടണമെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ശിവകാശിയിലോ കോയമ്പത്തൂരോ കെ.എസ്.ബി.സിയുടെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറും മദ്യത്തിന്റെ വ്യാജ ലേബലും നിർമിച്ചാണ് മദ്യത്തിന്റെ കുപ്പിയിൽ പതിക്കുന്നത്.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർ പി.വി. ബെന്നി, എം.ആർ. നെൽസൺ, ഇന്റലിജൻസ് ഓഫിസർ പി.ആർ. സുനിൽകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ കെ.എം. പ്രിൻസ്, സി.വി. ശിവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ. ബാബു, എം.പി. ജീവേഷ്, എസ്. അഫ്സൽ, പി.കെ. സജികുമാർ, എ.എസ്. രിഹാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ചിഞ്ചു പോൾ, എക്സൈസ് ഡ്രൈവർ സി.പി. സഞ്ജയ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.