പുരസ്കാര തിളക്കത്തിൽ ആഗ്നേയ് ചിഞ്ചു
text_fieldsകൊടുങ്ങല്ലൂർ: ഉജ്ജ്വല ബാല്യം പുരസ്കാരം സ്വന്തമാക്കി കൊടുങ്ങല്ലൂരിന്റെ അഭിമാനതാരമായി ആഗ്നേയ് ചിഞ്ചു. റോളർ സ്പീഡ് സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലെ തിളക്കമാർന്ന പ്രകടനമാണ് ഈ ബാലപ്രതിഭയെ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹമാക്കിയത്. പൊതുവിഭാഗത്തിൽ ആറിനും 11നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ വിഭാഗത്തിലാണ് തൃശൂർ ജില്ലയിൽനിന്ന് പുരസ്കാര നേട്ടം.
2023ൽ 200, 500 മീറ്റർ റിങ്ക് റൈസിലും വൺ ലാപ് റോസ് റൈസിലുമായി ജില്ലതലത്തിൽ മൂന്ന് സ്വർണമെഡലുകൾ കരസ്ഥമാക്കിയ ഈ മിടുക്കൻ 2024ലും സമാന നേട്ടം ആവർത്തിക്കുകയുണ്ടായി. 2023ൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ടുവെള്ളിയും ഒരു സ്വർണവുമാണ് സ്വന്തമാക്കിയതെങ്കിൽ 2024 രണ്ട് സ്വർണവും ഒരു ബ്രോൺസുമായി നേട്ടം കൂടുതൽ മികവുറ്റതാക്കി. കർണാടകയിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ നാഷനൽ ചാമ്പ്യൻഷിപ്പിലെ ബ്രോൺസ് മെഡലിസ്റ്റായ ആഗ്നേയ് ചിഞ്ചു രണ്ടുതവണ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചേട്ടൻ അഗ്നിവേഷ് ചിഞ്ചുവിന്റെ റോളർ സ്കേറ്റിങ് പ്രകടനം കണ്ടാണ് ആഗ്നേയ് ഈ കായിക ഇനത്തിലേക്ക് ആകൃഷ്ടനായത്. കുടുംബത്തിന്റെയും അധ്യാപകരുടെയും മികച്ച സപ്പോർട്ടും മികച്ച പരിശീലനവും കൂടിയായതോടെ വേഗത്തിൽ മികവിലേക്ക് ഉയരുകയായിരുന്നു. കൊടുങ്ങല്ലൂർ ചാപ്പാറ ഓറ എഡിഫൈ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആഗ്നേയ് ടി.കെ.എസ് പുരത്ത് ഹൈടെക് ഡ്രൈ ക്ലീനിങ് സ്ഥാപനം നടത്തുന്ന കൊടുങ്ങല്ലൂർ തറയിൽ ചിഞ്ചു സി. ശേഖറിന്റെയും ഹണി ചിഞ്ചുവിന്റെയും മകനാണ്. കൊടുങ്ങല്ലൂർ മുസിരിസ് സ്കേറ്റിങ് ക്ലബിലും സ്കൂളിലുമായി കോച്ച് കെ.എസ്. സുധീറിന്റെ കീഴിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.