മാലിന്യം വഴിയിൽ തള്ളേണ്ട; പിറകെ വരും കാമറ
text_fieldsകൊടുങ്ങല്ലൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് ‘പണി’പിറകെ വരും. പകൽ പരിശോധനയും നൈറ്റ് സ്ക്വാഡും കൂടാതെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഇനി പോർട്ടബിൾ കാമറകളും വരികയാണ്. പത്ത് കാമറകൾ കൊണ്ടുവരാനാണ് നഗരസഭയുടെ തീരുമാനം. കാമറകൾ നഗരസഭയുടെ വിവിധ തെരുവുകളിൽ മാറി മാറിയെത്തും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി നിരീക്ഷണ കാമറ പരിധിയിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാകും. പിടികൂടുന്നവർക്ക് കനത്ത പിഴയാണ് ചുമത്തി വരുന്നത്.
കക്കൂസ് മാലിന്യം തള്ളിയ വാഹന ഉടമക്ക് ഈയിടെ 50,000 രൂപയാണ് പിഴയിട്ടത്. ചെറുകിട കച്ചവടക്കാർക്കും വലിയ പിഴയാണ് കിട്ടുന്നത്. നൈറ്റ് സ്ക്വാഡ് രംഗത്തിങ്ങിയതോടെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് നന്നായി കുറഞ്ഞിട്ടുണ്ട്.
നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമാണ് സ്ക്വാഡിലുള്ളത്. രാതി എട്ടുമുതൽ പുലർച്ചെ വരെയാണ് നിരീക്ഷണം. ബൈപ്പാസ് റോഡരികിലാണ് കൂടുതലായും മാലിന്യ തള്ളുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം നിർമാർജനം കൊടുങ്ങല്ലൂരിൽ പൊതുവെ നന്നായി നടക്കുന്നുണ്ട്. ഹരിത കർമസേന ശേഖരിക്കുന്ന അജൈവ മാലിന്യം 35 ഓളം മിനി എം.സി.എഫുകളിൽ സംഭരിക്കും.
പിന്നീട് എം.സി.എഫുകളിലും ആർ.ആർ.എഫുകളിലുമായി വേർതിരിച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റു അജൈവ മാലിന്യങ്ങളും ക്ലീൻ കേരള കമ്പനി ലിമിറ്റഡിന് കൈമാറുകയാണ് ചെയ്യുന്നത്. ജൈവ മാലിന്യം ഉറവിടങ്ങളിൾ സംസ്കരിക്കണമെന്നാണ് നഗരസഭയുടെ നിലപാട്.
ടി.കെ.എസ് പുരത്ത് കോട്ടപ്പുറം ചന്തയിൽനിന്ന് ഉൾപ്പെടെയുള്ള ജൈവ മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റുന്ന പ്ലാൻറും നഗരസഭയുടെ അധീനതയിൽ പ്രവർത്തിക്കുന്നുണ്ട്.
പരിസ്ഥിതി ദിനത്തിൽ ടൗൺ ഹാളിൽ നടക്കുന്ന ‘ഹരിതസഭ’മാലിന്യ മുക്ത കൊടുങ്ങല്ലൂർ എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്നാണ് അറിയുന്നത്. മുൻപ് ‘ക്ലീൻ കൊടുങ്ങല്ലൂർ’ആശയത്തിന് തുടക്കം കുറിച്ചെങ്കിലും ഫലപ്രദമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.