രാത്രി ലിഫ്റ്റിൽ കുടുങ്ങിയ വയോധികനായ വാച്ച്മാനെ 13 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി
text_fieldsകൊടുങ്ങല്ലൂർ: രാത്രി മുഴുവൻ ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന വയോധികനായ വാച്ച്മാനെ 13 മണിക്കൂറിന് ശേഷം പുറത്തെടുത്തു. കൊടുങ്ങല്ലൂർ നഗരത്തിൽ ഒ.കെ ഹാളിലാണ് സംഭവം. കൊടുങ്ങല്ലൂർ കാരൂർ മഠം സ്വദേശി ഭരതനാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ലിഫ്റ്റിലകപ്പെട്ട ഭരതനെ ബുധനാഴ്ച രാവിലെ പത്തിനാണ് ഓഡിറ്റോറിയം ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂർ ഫയർഫോഴ്സും സ്ഥലത്തെത്തി. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വെച്ചിരുന്നതിനാൽ ഇയാൾക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
രാത്രി വീട്ടുകാർ പലവട്ടം ഫോണിൽ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. ബുധനാഴ്ച രാവിലെ ജോലി സമയം കഴിഞ്ഞിട്ടും ഭരതൻ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാൾ ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞത്. പുറത്തെടുക്കുമ്പോൾ അവശനിലയിലായിരുന്ന ഭരതന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകി. സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ള, അസി.സ്റ്റേഷൻ ഓഫിസർ എം.എൻ. സുധൻ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.