ലോക്കറിൽ വെച്ച സ്വർണത്തിന് എന്ത് സംഭവിച്ചു?; ഉത്തരം തേടി പൊലീസിന്റെ പെടാപ്പാട്
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് അഴീക്കോട് ബ്രാഞ്ചിലെ സേഫ് ലോക്കറിൽ വെച്ച സ്വർണത്തിന് എന്തു സംഭവിച്ചെന്ന ചോദ്യത്തിനും ആകാംക്ഷക്കും ഉത്തരം തേടി പൊലീസിന്റെ പെടാപ്പാട്. സ്വർണം നഷ്ടപ്പെട്ടതായി പരാതി നൽകിയ സുനിതയുടെ മൊഴി അന്വേഷണം മുറുകുന്നതിനിടെ വീണ്ടും പൊലീസ് രേഖപ്പെടുത്തി. രണ്ടാം മൊഴിയെടുപ്പിൽ സൂക്ഷ്മവും വിശദവുമായ വിവരങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയത്.
മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനകളും നടത്തിവരികയാണ്. ബാങ്കിലെത്തിയ പൊലീസ് ലോക്കർ സംബന്ധമായി രേഖകളും വിവരങ്ങളും ശേഖരിച്ചു. സുനിതയുടെ വീട്ടിലെത്തിയ പൊലീസ് അവർ ലോക്കറിൽനിന്ന് പിൻവലിച്ച അവശേഷിക്കുന്ന സ്വർണവും പരിശോധിച്ചു. ഇത് 58.5 പവനോളം വരുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കാണാതായതായി മൊഴിയിൽ പറയുന്ന സ്വർണാഭരണങ്ങളുടെ പട്ടികയും പരാതിക്കാരി പൊലീസിന് നൽകിയിട്ടുണ്ട്. സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലുള്ള ലോക്കറിൽനിന്ന് 70 പവൻ സ്വർണാഭരണങ്ങൾ കാണാതായെന്നാണ് മൊഴി.
ഇരുവരുടെയും ലോക്കർ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പരാതി നൽകിയതോടെ പൊലീസ് കുഴങ്ങിയിരിക്കുകയാണ്. ഇരു പരാതികളും സംയോജിപ്പിച്ചാണ് അന്വേഷണം.
പ്രാഥമിക അന്വേഷണം സംബന്ധിച്ച വിലയിരുത്തലിന് ശേഷമേ പൊലീസ് കേസ് നടപടികളിലേക്ക് കടക്കൂവെന്നാണ് അറിയുന്നത്. ഇതിനിടെ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിനെ തകർക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആരോപിച്ചും ആശങ്കയും ദുരൂഹതയും പ്രകടിപ്പിച്ചും ജീവനക്കാരുടെ സംയുക്ത യൂനിയൻ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.