തീര മേഖലയിൽ കാട്ടുപന്നികൾ പെരുകുന്നു
text_fieldsകൊടുങ്ങല്ലൂർ: തീര മേഖലയിൽ കാട്ടുപന്നികൾ വർധിക്കുന്നതിൽ ആശങ്കയുമായി നാട്ടുകാർ. 2018ലെ പ്രളയത്തിന് ശേഷം തീരമേഖലയിൽ പ്രത്യക്ഷപ്പെട്ട ഇവ ഇപ്പോൾ പെറ്റ് പെരുകുകയാണ്. ശ്രീനാരായണപുരം പഞ്ചായത്തിലാണ് ഈ കാട്ടുമൃഗങ്ങളെ ആദ്യം കണ്ടുതുടങ്ങിയത്. പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചു തുടങ്ങി. ആളനക്കം കുറഞ്ഞ പൊന്തക്കാടുകൾ താവളമാക്കുന്ന ഇവ നാടുറങ്ങുന്ന വേളയിലാണ് പുറത്ത് വരുന്നത്. ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചിട്ടുമുണ്ട്.
ഇടവേളക്ക് ശേഷം വീണ്ടും മതിലകത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് കാട്ടുപന്നികൾ ഭീഷണിയാകുന്നത് നാട്ടുകാർ പറയുന്നു. കളരിപ്പറമ്പ് പൊതു ശ്മശാനത്തിനും പെരുംതോടിനും സമീപത്താണ് ഇവയെ കൂട്ടത്തോടെ കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കടപൂട്ടി വീട്ടിലേക്ക് വരികയായിരുന്ന യുവാവ് അപ്രതീക്ഷിതമായി പന്നിക്കൂട്ടത്തിനു മുന്നിലകപ്പെടുകയുണ്ടായി. മതിലകം പഞ്ചായത്തിലെ പുതിയകാവ് തെക്ക് ഭാഗം, ഊമൻതറ, താമരകുളം, കളരിപ്പറമ്പ് എന്നിവിടങ്ങളിലും മുമ്പ് പന്നികളെ കണ്ടിരുന്നു.
ദിവസങ്ങൾക്കു മുമ്പ് പട്ടാപ്പകൽ കളരിപ്പറമ്പിൽ ഒരു വീട്ടുവളപ്പിൽ എത്തിയ കാട്ടുപന്നി വളർത്തുനായ് കുരച്ച് പിന്നാലെ കൂടിയതോടെ വേലി പൊളിച്ച് പാഞ്ഞുപോവുകയായിരുന്നു. ഇതിനെ പിന്നീട് മറ്റൊരിടത്ത് കണ്ടെത്തിയെങ്കിലും വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പുകാർ എത്തും മുമ്പേ അടുത്ത വീട്ടിലെ വേലിയും പൊളിച്ച് രക്ഷപ്പെട്ടു.
പരിസരത്തെ വാഴകളും പച്ചക്കറികളും പന്നി നശിപ്പിച്ചിട്ടുണ്ട്. പെരുംതോടിനു സമീപം നാലെണ്ണത്തെ ഒരുമിച്ച് കണ്ടെന്ന് പരിസരവാസി അമീർ പറഞ്ഞു. ഇതിനിടെ, കാട്ടുപന്നികളെ വനപാലകരുടെ സഹായത്തോടെ പിടികൂടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.