ലോക പൈതൃക വാരം; ആകർഷക പരിപാടികളുമായി മുസിരിസ്
text_fieldsകൊടുങ്ങല്ലൂർ: ലോക പൈതൃക വാരത്തിൽ ആകർഷക പരിപാടികളുമായി മുസിരിസ് പൈതൃക പദ്ധതി. നവംബർ 19 മുതൽ 25 വരെ യുനെസ്കോ നേതൃത്വത്തിലാണ് ലോക പൈതൃക വാരം ആഘോഷിച്ചു വരുന്നത്.
ഇതോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതി ഈ വർഷവും ലോക പൈതൃക വാരം ആഘോഷിക്കുകയാണ്. സമ്പന്നവും വൈവിധ്യമാർന്നതുമായ നാടിന്റെ തനതു പൈതൃകം അതേ രൂപത്തിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളിലും യുവതയിലും മറ്റു ജനവിഭാഗങ്ങളിലും അവബോധം സൃഷ്ടിക്കാൻ മുസിരിസ് മ്യൂസിയങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടാൻ തീരുമാനിച്ചതായി പദ്ധതി മാനേജിങ് ഡയറക്ടർ ഡോ. കെ. മനോജ് കുമാർ അറിയിച്ചു.
ഇതിന്റെ ഭാഗമായി 19 മുതൽ 25 വരെ ‘സഞ്ചാരം പൈതൃകത്തിലൂടെ’ എന്ന വിദ്യാർഥികൾക്കുള്ള സൗജന്യ മ്യൂസിയം സന്ദർശനങ്ങൾ ഉണ്ടാകും.
23ന് വൈകീട്ട് അഞ്ചിന് പാലിയം മ്യൂസിയത്തിൽ ‘നാലുകെട്ട്’ വനിതകളുടെ കൂട്ടായ്മയും രാത്രി പൈതൃക നടത്തവും പരമ്പരാഗത കലാ രൂപത്തിന്റെയും കരവിരുതുകളുടെയും പ്രദർശനം നടക്കും. 24 ന് രാവിലെ കോട്ടയിൽ കോവിലകം, ചേന്ദമംഗലം മേഖലയിൽ ‘സിറ്റാഡൽ ഓഫ് ഫെയ്ത്’- സ്കെച്ച് ആൻഡ് വാക്ക്, 29ന് കൊടുങ്ങല്ലൂരിൽ ‘മെമ്മറി ലൈൻ’ ത്രിദിന ആർട് വർക്ക് ഷോപ് എന്നിവ ഉണ്ടാകും.
പ്രധാന മ്യൂസിയങ്ങളിൽ കുടുംബശ്രീയുടെ ലഘു ഭക്ഷണ വിൽപന കേന്ദ്രങ്ങൾ, മുസിരിസ് പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം, വിൽപന എന്നിവയും ഒരുക്കുന്നുണ്ട്. 23ന് രാത്രി എട്ട് വരെ ചേന്ദമംഗലം, പാലിയം മ്യൂസിയങ്ങളിൽ എല്ലാവർക്കും പകുതി നിരക്കിന് സന്ദർശനം നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് മാർക്കറ്റിങ് ആൻഡ് സ്പോൺസർഷിപ് -9037252480, വനിത കളുടെ പൈതൃക നടത്തം രജിസ്ട്രേഷൻ -9746760810, വിദ്യാർഥികൾക്കുള്ള സൗജന്യ മ്യൂസിയം സന്ദർശന രജിസ്ട്രേഷൻ -0480-2807717, 9745398487 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എം.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.