യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സ്ഥാനാർഥിക്ക് കുത്തേറ്റു
text_fieldsകൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് സ്ഥാനാർഥിയായ യുവാവിനെ നഗരമധ്യത്തിൽ പട്ടാപകൽ കുത്തി പരിക്കേൽപിച്ചു. കൊടുങ്ങല്ലൂർ കാവിൽക്കടവ് തെക്കിനേടത്ത് ഫ്രാൻസിസിന്റെ മകനും എച്ച്.ഡി.എഫ്.സി കുടുംബശ്രീ കളക്ഷൻ ഏജന്റുമായ പ്രിൻസൺ ആണ് ആക്രമത്തിനിരയായത്.
ഗുരുതര പരിക്കേറ്റ പ്രിൻസണെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻറിലെ പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എറിയാട് തിരുവള്ളൂർ സ്വദേശി നെടുംപറമ്പിൽ ജസ്റ്റിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കൊടുങ്ങല്ലൂർ നഗരത്തിന്റെ കിഴക്കേ നടയിൽ നഗരസഭ ഓഫിസ് കെട്ടിടത്തിന്റെ മുമ്പിലാണ് സംഭവം.
ലോട്ടറി കടയിൽ എത്തിയ പ്രിൻസൺ ബൈക്കിൽ കയറി തിരിച്ച് പോകാനൊരുങ്ങവേയാണ് ആക്രമണം. സംസാരത്തിന് പിറകെ കത്തി കൊണ്ട് തുരുതുരാ കുത്തുകയായിരുന്നുവത്രെ. ശബ്ദം കേട്ട് ഓടിയെത്തിയ ചിലർ അക്രമിയെ തടയുകയായിരുന്നു. അക്രമി നടന്നുവരുന്നതാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. ഇയാൾ കത്തിയുമായി പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സി.ഐ. ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇടത്തേ നെഞ്ചിലും വയറ് ഭാഗത്തും ഉൾപ്പെടെ അഞ്ചു കുത്താണ് ശരീരത്തിലുള്ളത്.
വയറ്റിലെ മുറിവ് മാരകമായതിനാലാണ് ആസ്റ്ററിലേക്ക് മാറ്റിയത്. പ്രതി പ്രിൻസണ് നേരേ ഇടക്കിടെ അക്രമ ഭീഷണി മുഴക്കാറുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് സൂചന. പ്രതി പരസ്പര ബന്ധമില്ലാതെയും കൃത്യതയില്ലാതെയുമാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.