കൊക്കാലെ സ്വർണ കവർച്ച; സ്ഥാപനത്തിലെ മുൻ ജീവനക്കാരനടക്കം എട്ട് പ്രതികൾ പിടിയിൽ
text_fieldsതൃശൂർ: കൊക്കാലെയിലെ സ്വർണാഭരണ നിർമാണ സ്ഥാപനത്തിൽനിന്ന് ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയിരുന്ന 3.5 കിഗ്രാം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരനടക്കം എട്ട് പ്രതികളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടിൽ ബ്രോൺസൺ (33), നാല് മുതൽ 11 വരെ പ്രതികളായ തൊട്ടിപ്പാൾ തൊട്ടാപ്പിൽ മടപ്പുറം റോഡ് പുള്ളംപ്ലാവിൽ വിനിൽ വിജയൻ (23), മണലൂർ കാഞ്ഞാണി മോങ്ങാടി വീട്ടിൽ അരുൺ (29), അരിമ്പൂർ മനക്കൊടി കോലോത്തുപറമ്പിൽ നിധിൻ, മണലൂർ കാഞ്ഞാണി പ്ലാക്കൽ മിഥുൻ (23), കാഞ്ഞാണി ചാട്ടുപുരക്കൽ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടിൽ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരെയാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന സൂത്രധാരന്മാരായ രണ്ടാം പ്രതി നിഖിൽ, മൂന്നാം പ്രതി ജിഫിൻ എന്നിവരെയും ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തവരും കണ്ടാലറിയാവുന്നവരുമായ മറ്റു നാലുപേരെയും പിടികൂടാനുണ്ട്. സെപ്റ്റംബർ എട്ടിന് രാത്രി 11.20ഓടെ തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം കൊക്കാലെയിൽ വെച്ചായിരുന്നു സംഭവം.
തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽനിന്നും മാർത്താണ്ഡം ഭാഗത്തെ സ്വർണാഭരണ വിൽപനശാലകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയിരുന്ന 1.80 കോടി രൂപ വിലവരുന്ന 3152 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് കാറിലെത്തി സംഘം തട്ടിയെടുത്തത്.
കവർച്ച ജോലിയിൽനിന്ന് ഒഴിവാക്കിയ വൈരാഗ്യത്തിന്
തൃശൂർ: അറസ്റ്റിലായ ബ്രോൺസൺ മുമ്പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമീഷൻ വ്യവസ്ഥയിൽ ഇയാളായിരുന്നു സ്വർണാഭരണങ്ങൾ വിതരണം നടത്തിയിരുന്നത്. ഈയിനത്തിൽ 15 ലക്ഷം രൂപയോളം സ്ഥാപനത്തിൽനിന്ന് ബ്രോൺസണ് ലഭിക്കാനുണ്ടെന്ന് പറയുന്നു.
ചില പ്രശ്നങ്ങൾ മൂലം ഇയാളെ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പണം ലഭിക്കാനുള്ള വൈരാഗ്യത്തിൽ രണ്ടാം പ്രതി നിഖിൽ, ചാലക്കുടിയിലെ ക്രിമിനലായ ജെഫിൻ എന്നിവരുമായി ചേർന്ന് സ്വർണം തട്ടിയെടുക്കാൻ പദ്ധതി തയാറാക്കി. നിർമിച്ച സ്വർണാഭരണങ്ങൾ ഏതെല്ലാം ദിവസങ്ങളിൽ, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നതെന്ന് ബ്രോൺസണ് അറിയാമായിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയത്. ഇപ്പോൾ അറസ്റ്റിലായ പ്രതികൾ കുറ്റകൃത്യത്തിന് സഹായങ്ങൾ ചെയ്തു നൽകിയവരും വാഹനങ്ങൾ ഏർപ്പാടാക്കിയവരുമാണ്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതികളായ നിഖിൽ, ജെഫിൻ എന്നിവരെ അറസ്റ്റ് ചെയ്യാനും കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെടുക്കാനുമുണ്ട്.
അറസ്റ്റിലായ സുമേഷ് ചാലക്കുടി എക്സൈസ് രജിസ്റ്റർ ചെയ്ത അബ് കാരി കേസിലെ പ്രതിയാണ്. ആറാം പ്രതി നിധിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും ഒമ്പതാം പ്രതി രാജേഷ് ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലും പ്രതികളാണ്. രണ്ടും മൂന്നും പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഈസ്റ്റ് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.